വീണ്ടും തിരിച്ചടി; 27 കോടി രൂപ കുടിശ്ശിക, പതഞ്ജലി ഫുഡ്സിന് ജി.എസ്.ടി വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്




ന്യൂഡൽഹി: ബാബ രാംദേവിന്റെ പതഞ്ജലി ഫുഡ്സിന് ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കാരണം കാണിക്കൽ നോട്ടീസ് അയച്ചു. 27.46 കോടി രൂപയുടെ ജി.എസ്.ടി അടക്കാത്തതിനാലാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ്, ചണ്ഡീഗഡ് സോണൽ യൂണിറ്റിന്റെ നോട്ടീസ് ലഭിച്ചതായി പതഞ്ജലി ഫുഡ്സ് വ്യക്തമാക്കിയിട്ടുണ്ട്.

2017ലെ സംയോജിത ചരക്ക് സേവന നികുതി (ഐജിഎസ്ടി) നിയമത്തിന്റെ 20-ാം വകുപ്പിനൊപ്പം 2017 ലെ സെൻട്രൽ ഗുഡ്‌സ് ആൻഡ് സർവീസസ് ആക്ട്, 2017 ലെ ഉത്തരാഖണ്ഡ് സ്റ്റേറ്റ് ഗുഡ്‌സ് ആൻഡ് സർവീസസ് ആക്ട് എന്നിവയുടെ സെക്ഷൻ 74 ഉം ബാധകമായ മറ്റ് വ്യവസ്ഥകളും ഉൾപ്പെടുത്തിയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നതെന്ന് ജി.എസ്.ടി വകുപ്പ് വ്യക്തമാക്കി. അതേസമയം, കമ്പനിക്ക് ഇപ്പോൾ കാരണം കാണിക്കൽ നോട്ടീസ് മാത്രമാണ് ലഭിച്ചിട്ടുള്ളതെന്ന് കേസുമായി മുന്നോട്ട് പോകാനുള്ള എല്ലാ നടപടികളും കമ്പനി സ്വീകരിക്കുമെന്നും പതഞ്ജലി ഫുഡ്‌സ് പറഞ്ഞു.

അതേസമയം, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് പിന്നാലെ പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസൻസ് ഉത്തരാഖണ്ഡ് സർക്കാർ റദ്ദാക്കി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ കേസുമായി ബന്ധപ്പെട്ട് പതഞ്ജലിയുടെ ദിവ്യ ഫാർമസി നിർമ്മിക്കുന്ന 14 ഉത്പന്നങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി ലൈസൻസിംഗ് അതോറിറ്റി സുപ്രിം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.

നിയമവിരുദ്ധമായ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചാൽ പിഴയോ തടവോ അല്ലെങ്കിൽ രണ്ടും ഉൾപ്പെടെയുള്ള കർശനമായ അച്ചടക്ക നടപടികളും നിയമനടപടികളും നേരിടേണ്ടിവരുമെന്ന് അറിയിച്ച് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി ഒരു പൊതു അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചു. സംസ്ഥാന ലൈസൻസിംഗ് അതോറിറ്റി, ആയുർവേദിക് ആൻഡ് യുനാനി സർവീസ് എന്നിവർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ദിവ്യ ഫാർമസിക്കും പതഞ്ജലി ആയുർവേദ് ലിമിറ്റഡിനും എതിരെ പരാതി നൽകാൻ ഹരിദ്വാറിലെ ഡ്രഗ് ഇൻസ്‌പെക്ടർക്ക് ഏപ്രിൽ 12 ന് അനുമതി നൽകിയിട്ടുണ്ട്. ദിവ്യ ഫാർമസിയുടെ ദൃഷ്ടി ഐ ഡ്രോപ്പ്, സ്വസാരി ഗോൾഡ്, സ്വസാരി വതി, ബ്രോങ്കോം, സ്വസരി പ്രവാഹി, സ്വസാരി അവലേ, മുക്ത വതി എക്‌സ്ട്രാ പവർ, ലിപിഡോം, ബിപി ഗ്രിറ്റ്, മധുഗ്രിറ്റ്, മധുനാശിനി വാതി എക്‌സ്ട്രാ പവർ, ലിവാമൃത് അഡ്വാൻസ്, ലിവോഗ്രിറ്റ്, ഇയെ ഗോൾഡ് എന്നിവ നിരോധിച്ച ഉത്പന്നങ്ങളിൽ ഉൾപ്പെടുന്നു.

ബാബാ രാംദേവ്, ആചാര്യ ബാലകൃഷ്ണ, ദിവ്യ ഫാർമസി, പതഞ്ജലി ആയുർവേദ് ലിമിറ്റഡ് എന്നിവയ്ക്കെതിരെ ഹരിദ്വാറിലെ ജില്ലാ ആയുർവേദ, യുനാനി ഓഫീസർ ഹരിദ്വാറിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ പരാതി നൽകിയിട്ടുണ്ട്. ദിവ്യ ഫാർമസിക്കും പതഞ്ജലി ആയുർവേദ് ലിമിറ്റഡിനും എതിരെ നിയമത്തിൽ നിർദ്ദേശിച്ചിട്ടുള്ള നടപടിക്രമങ്ങളും സുപ്രിംകോടതി പുറപ്പെടുവിച്ച നിർദ്ദേശങ്ങളും അനുസരിച്ച് എല്ലാ തുടർ നടപടികളും തുടരുമെന്ന് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി അറിയിച്ചു.

Post a Comment

0 Comments