ബത്തേരി: ബത്തേരിയുടെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം പതിവാകുന്നു. ബത്തേരിയിലെ ഈസ്റ്റ്, വെസ്റ്റ് ഇലക്ട്രിക് സെക്ഷനുകൾ കൃത്യമായി അറിയിപ്പുകൾ നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. യാതൊരുവിധ മുന്നറിയിപ്പുകളും നൽകാതെയാണ് അധികൃതർ വൈദ്യുതി വിച്ഛേദിക്കുന്നതെന്ന് ജനങ്ങൾ പറഞ്ഞു.
സാധാരണ വൈദ്യുതി വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടാകുമ്പോൾ അത് മുൻകൂട്ടി മാധ്യമങ്ങൾ വഴി അറിയിക്കാറുണ്ട്. എന്നാൽ ബത്തേരിയിലെ രണ്ടു സെക്ഷനുകളും ഇത്തരം അറിയിപ്പുകൾ നൽകാറില്ല, ഇത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. വൈദ്യുതി ഉപയോഗിച്ച് ജോലികൾ ചെയ്യുന്നവർ പണിസ്ഥലത്ത് എത്തിയതിനു ശേഷം മടങ്ങേണ്ടി വരുന്നത് നിത്യ സംഭവമാണ്.
ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ രജിസ്റ്റേർഡ് നമ്പറിലേക്ക് മെസ്സേജ് വിടാറുണ്ട് എന്നാണ് മറുപടി. എന്നാൽ മിക്ക കൺസ്യൂമർ ഫോണിൽ ഇത്തരം മെസേജുകൾ എത്താറില്ല. വൈദ്യുതി ഓഫാക്കിയതിനുശേഷമാണ് മെസ്സേജ് ലഭിക്കുന്നത്.
കഴിഞ്ഞദിവസം ഇത്തരത്തിൽ അറിയിപ്പില്ലാതെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മെയിന്റനൻസ് ജോലികൾക്കായി വൈദ്യുതി ഓഫ് ചെയ്തിരുന്നു. തുടർന്ന് ശക്തമായ കാറ്റും മഴയും മൂലം വൈദ്യുതി തകരാറു സംഭവിച്ചു. പിന്നീട് രാത്രി 9 മണിവരെ ജനം ഇരുട്ടിലായി. മിക്ക കുടുംബങ്ങളും കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ വലഞ്ഞു. അറിയിപ്പ് നൽകാതെ ഇത്തരത്തിലുള്ള വൈദ്യുതി മുടക്കം ഒഴിവാക്കണമെന്നാണ് പൊതുജനങ്ങളുടെ അവശ്യം.

0 Comments