തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പ്രതികരിക്കാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ച യോഗത്തില്‍ ചര്‍ച്ചയായോ എന്ന ചോദ്യത്തോട് ഇ പി പ്രതികരിച്ചില്ല. മറിച്ച് കാറില്‍ കയറി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൈകൂപ്പി മടങ്ങുകയായിരുന്നു.
രാവിലെ 10 മണിയോടുകൂടിയാണ് തിരുവനന്തപുരത്തെ എകെജി സെന്ററില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തുടങ്ങിയത്. തിരഞ്ഞെടുപ്പ് അവലോകനമായിരുന്നു പ്രധാന അജണ്ട. സിപിഐഎമ്മിനെ ഏറെ പ്രതിരോധത്തില്‍ ആക്കിയ തിരഞ്ഞെടുപ്പ് ദിനത്തിലെ ഇ പി ജയരാജന്റെ തുറന്നുപറച്ചില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യുമെന്നായിരുന്നു വിവരം.
ഇന്ന് പുലര്‍ച്ചെയാണ് സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇ പി ജയരാജന്‍ വിമാനം കയറിയത്. തിരുവനന്തപുരത്ത് എത്തിയ ഇ പി ജയരാജന്‍ മാധ്യമങ്ങളെ കണ്ടിരുന്നു. ബിജെപി നേതാവ് ശോഭാസുരേന്ദ്രന്‍ പറയുന്നതുപോലെ ഒരിക്കലും കൂടിക്കാഴ്ച ഉണ്ടായില്ലെന്ന് ഇ പി ജയരാജന്‍ ആവര്‍ത്തിച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രി പദ്ധതിയുടെ ഭാഗമാണ്. മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണമെന്നും ഇ പി ജയരാജന്‍ ആവര്‍ത്തിച്ചിരുന്നു.

0 Comments