എസ്.എസ്.എല്‍.സി ഫലത്തിലെ മുന്നേറ്റം, കൂട്ടായ്മയുടെ വിജയം; സംഷാദ് മരക്കാര്‍

 


കല്‍പ്പറ്റ: വര്‍ഷങ്ങളായി എസ്.എസ്.എല്‍.സി പരീക്ഷാ ഫലത്തില്‍ പിന്നില്‍ നിന്നിരുന്ന ജില്ല ഇത്തവണ മുന്നേറിയത് ജനപത്രിനിധികളുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും അധ്യാപകരുടെയും പി.ടി.എ കമ്മിറ്റികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. വയനാടിനെ സംബന്ധിച്ചിടത്തോളം പരീക്ഷയെഴുതാതെ വിദ്യാര്‍ഥികള്‍ മാറി നില്‍ക്കുന്നതാണ് എല്ലാക്കാലത്തും തിരിച്ചടിയായിരുന്നത്. ഇത് പരിഹരിക്കുന്നതിനായി ജില്ലാ വിദ്യാഭ്യാസ ഓഫിസിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ തുടര്‍ച്ചയായി ഹാജരാവാത്ത വിദ്യാര്‍ഥികളുടെ വിവരശേഖരണം നടത്തി. തുടര്‍ന്ന് പട്ടിക ജാതി-വര്‍ഗ വകുപ്പുകളും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും സ്‌കൂള്‍ പി.ടി.എയും അധ്യാപകരും ചേര്‍ന്ന് വിദ്യാര്‍ഥികളെ പരമാവധി സ്‌കൂളിലെത്തിച്ചു. ജില്ലാ വിദ്യാഭ്യാസ വകുപ്പ് കൃത്യമായി നിരീക്ഷിച്ച് കുട്ടികള്‍ സ്‌കൂളിലെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ഇതിന് പുറമെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ റസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും വിദ്യാര്‍ഥികള്‍ക്ക് പഠന സഹായിയായി 'ഉയരെ' കൈപ്പുസ്തകം ഡയറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കി സ്‌കൂളുകളില്‍ എത്തിച്ച് നല്‍കുകയും ചെയ്തു. 

പട്ടിക ജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസന്‍സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് മോട്ടിവേഷന്‍ ക്ലാസും നടത്തി. റസിഡന്‍ഷ്യല്‍ ക്യാമ്പുകളിലും കുട്ടികള്‍ക്കായി ആത്മവിശ്വാസം വര്‍ധിപ്പിക്കാനായി ക്ലാസുകള്‍ നല്‍കി. ഓണം, ക്രിസ്തുമസ് പരീക്ഷകള്‍ക്കിടയില്‍ ജില്ലാ പഞ്ചായത്ത് ജില്ലയിലെ അധ്യാപകരുടെ സഹായത്തോടെ ചോദ്യപേപ്പര്‍ തയ്യാറാക്കി മോഡല്‍ പരീക്ഷകള്‍ നടത്തി. ജില്ലാ വിദ്യാഭ്യാസ ഓഫിസറാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ഓരോ പരീക്ഷയിലെയും വിദ്യാര്‍ഥികളുടെ പ്രകടനം വിലയിരുത്തി, കൂടുതല്‍ ശ്രദ്ധ വേണ്ട കുട്ടികളെ കണ്ടെത്തി അവര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കിയാണ് പരീക്ഷക്ക് തയ്യാറാക്കിയത്. അതിനൊപ്പം കുട്ടികളിലെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുതകുന്ന പരിശീലനങ്ങളുമായി എസ്.എസ്.കെയും സജീവ ഇടപെടല്‍ നടത്തി. 

ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്, അധ്യാപക സംഘടനകള്‍, പ്രധാന അധ്യാപകര്‍, അധ്യാപകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ചേര്‍ന്ന് നൂതനമായ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും അവ കൃത്യമായി നടപ്പിലാക്കുകയും ചെയ്തതാണ് വര്‍ഷങ്ങളായി ഏറ്റവും പിന്നില്‍ നിന്ന ജില്ല, ഏറ്റവും പിന്നില്‍ നിന്ന വിദ്യാഭ്യാസ ജില്ല എന്നീ അവസ്ഥകളില്‍ നിന്ന് മാറ്റം വരുത്താന്‍ സഹായിച്ചത്. ഈ പദ്ധതികളെല്ലാം അടുത്ത അധ്യയന വര്‍ഷത്തില്‍ തുടരും, ഒപ്പം കൂടുതല്‍ നൂതനമായ പദ്ധതികള്‍ കൂടി ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി തയ്യാറാക്കാനുമുള്ള ഒരുക്കത്തിലാണ് ജില്ലാ പഞ്ചായത്ത്. ഈ വര്‍ഷത്തെ ഫലം കൃത്യമായി വിശകലനം ചെയ്ത് പിന്നോക്കം പോയ സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തി അവിടെ ഇടപെടലുകള്‍ നടത്തി വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ മികവിലേക്ക് ജില്ലയെ ഉയര്‍ത്താനുള്ള ശ്രമങ്ങളിലാണ് ജില്ലാ പഞ്ചായത്തെന്നും പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു.

Post a Comment

0 Comments