മലയാളി താരം സഞ്ജു സാംസണെ ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ എടുത്തത് ബിജെപി സംസ്ഥാന സംഘടന സെക്രട്ടറി കെ സുഭാഷിൻ്റെ ഇടപെടലിലെന്ന് ബിജെപി സംസ്ഥാന പാനലിസ്റ്റ് അംഗം ജോമോൻ ചക്കാലക്കൽ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജോമോൻ്റെ അവകാശവാദം. എന്നാൽ ഈ പോസ്റ്റ് നിലവിൽ നീക്കം ചെയ്തിരിക്കുകയാണ്.
തിരുവനന്തപുരത്തുവച്ച് നടന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിൽ, അർഹത ഉണ്ടായിട്ടും സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്നും മാറ്റി നിർത്തുകയാണെന്നൊരു പൊതുസംസാരമുള്ള കാര്യം താൻ സുഭാഷിനെ അറിയിച്ചുവെന്ന് ജോമോൻ്റെ പോസ്റ്റിൽ പറയുന്നു. അർഹത ഉണ്ടായിട്ടും അവസരം നഷ്ടപെടുന്നുണ്ടെങ്കിൽ അതിൽ ഇടപെട്ടിരിക്കും എന്ന് അദ്ദേഹം മറുപടി നൽകി. മീറ്റിംഗ് കഴിഞ്ഞപ്പോൾ കൂടെയുള്ളവർ പറഞ്ഞു, സുഭാഷ്‌ജി ഇടപെടുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് നടന്നിരിക്കും എന്ന്. പിന്നീട് കെഎൽ രാഹുലിനെപ്പോലെ ഒരാളെ മാറ്റിയിട്ട് സഞ്ജുവിന് അവസരം കൊടുക്കാൻ ഒരു സാധ്യതയുമില്ലെന്ന മാധ്യമവാർത്ത കണ്ടപ്പോൾ താൻ പാലക്കാട് ജില്ല പ്രസിഡൻ്റ് ഹരിയേട്ടനെ വിളിച്ചു. അദ്ദേഹം പറഞ്ഞു, സുഭാഷ്‌ജി ഏറ്റെടുത്ത കാര്യത്തിൽ ഇനി ഒരു ടെൻഷനും അടിക്കേണ്ട. മാധ്യമ വാർത്തകൾ ഒന്നും നോക്കണ്ട. അപ്പോൾ തന്നെ 15 അംഗ ടീമിൽ സഞ്ജു ഉണ്ടെന്ന് ഉറപ്പിച്ചു എന്നും പോസ്റ്റിൽ പറയുന്നു.
ജോമോൻ ചക്കാലക്കലിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
BJP കേരളാ ഘടകത്തിന്റെ സംഘടനാ ചുമതലയുള്ള ഒരേ ഒരു ജനറൽ സെക്രട്ടറി … കർക്കശക്കാരനായ നേതാവ് …. പ്രായഭേദമെന്യേ എല്ലാവരും ചെറിയ ഭയത്തോടെ ആണ് സുഭാഷ്‌ജിയോട് ഇടപെടുക ഒള്ളു …. അത് സുഭാഷ്‌ജിയുടെ കൂടെ മീറ്റിംഗിൽ ഇരിക്കുന്നവർക്ക് അറിയാം ….. ചാനലുകളുടെ മുൻപിൽ വരാൻ ഒട്ടും ഇഷ്ടപെടാത്ത ഒട്ടും മാധ്യമ ശ്രദ്ധ പോലും ആഗ്രഹിക്കാത്ത പാർട്ടി താല്പര്യങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന നേതാവ് …. മോദിജി പോലെയുള്ള അമിത് ഷാ ജി പോലെയുള്ള ബി എൽ സന്തോഷ്ജി പോലെയുള്ള ആളുകളെ ഒക്കെ ഇടനിലക്കാരില്ലാതെ നേരിട്ട് വിളിക്കുന്ന കേരളത്തിലെ വിരലിൽ എണ്ണാവുന്ന ചുരുക്കം നേതാക്കളിൽ ഒരാൾ ……. ഇത്രയും പറഞ്ഞത് സുഭാഷ്‌ജി ആരാണെന്ന് അറിയാത്തവർക്ക് വേണ്ടിയാണു …..ഇനി വിഷയത്തിലേക്ക് വരാം ……
ഈ അടുത്ത് തിരുവനന്തപുരത്തു വെച്ച് സുഭാഷ്‌ജിയുടെ അധ്യക്ഷതയിൽ പാർട്ടി ഭാരവാഹികളുടെ ഒരു യോഗം നടന്നു ….. കുമ്മനം രാജശേഖരൻജിയാണ് മീറ്റിംഗ് ഉൽഘാടനം ചെയ്തത് ……. മറ്റു നേതാക്കൾ എല്ലാം യോഗത്തിൽ ഉണ്ടായിരുന്നു ….. എന്റെ സ്നേഹിതരായ സന്ദീപ് വാര്യരും യുവരാജ് ഗോകുലും പാലക്കാട് ജില്ല സെക്രട്ടറി രവിയേട്ടനും കണ്ണൂരിലെ സ്ഥാനാർഥി രഘുനാഥ്‌ജിയും തുടങ്ങി മറ്റു പല സീനിയർ നേതാക്കളും ഉണ്ടായിരുന്നു …… യോഗത്തിൽ കുറച്ചുപേർക്ക് സംസാരിക്കാൻ അവസരം കിട്ടിയ കൂട്ടത്തിൽ എനിക്കും അവസരം ലഭിച്ചു …… മറ്റു പല കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിൽ ഞാൻ സഞ്ചു സാംസൺ എന്ന കേരള ഐകന്റെ കാര്യവും സംസാരിച്ചു …….
അർഹത ഉണ്ടായിട്ടും പല കാര്യങ്ങൾ പറഞ്ഞു സഞ്ചുവിനെ ഇന്ത്യൻ ടീമിൽ നിന്നും മാറ്റി നിർത്തുന്നു എന്ന സംസാരം പൊതുമധ്യത്തിൽ ഉണ്ട് എന്ന് ഞാൻ സുഭാഷ്‌ജിയോട് പറഞ്ഞു ….. പറയുന്നതിൽ കഴമ്പുണ്ട് എന്ന് തോന്നുന്ന കാര്യങ്ങൾ സുഭാഷ്‌ജി നോട്ട് ചെയ്യാറുണ്ട് …. ഞാൻ പറഞ്ഞ ഈ കാര്യം നോട്ട് ചെയ്തു ….. അർഹത ഉണ്ടായിട്ടും അവസരം നഷ്ടപെടുന്നുണ്ടെങ്കിൽ അതിൽ ഇടപെട്ടിരിക്കും എന്ന് മറുപടിയും തന്നു …… മീറ്റിംഗ് കഴിഞ്ഞപ്പോൾ കൂടെയുള്ളവർ പറഞ്ഞു സുഭാഷ്‌ജി നോട്ട് ചെയുകയും ഇടപെടുകയും ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട് എങ്കിൽ അത് നടന്നിരിക്കും എന്ന് ….. കാരണം പറ്റാത്ത കാര്യങ്ങൾ അദ്ദേഹം നോക്കാം എന്ന് സുഖിപ്പിച്ചു പറയുന്ന സ്വാഭാവം അദ്ദേഹത്തിനില്ല എന്നും പലരും പറഞ്ഞു …..
രണ്ട് ദിവസമായി ലോകകപ്പിന്റെ ടീം പ്രഖ്യാപനത്തിന്റെ വാർത്തകൾ പല ഭാഗത്തു നിന്നും വരുമ്പോൾ KL രാഹുലിനെ പോലെ ഒരാളെ മാറ്റിയിട്ട് സഞ്ചുവിന് അവസരം കൊടുക്കാൻ ഒരു സാധ്യതയും ഇല്ല എന്ന മാധ്യമ വാർത്ത കണ്ടപ്പോൾ ഞാൻ ഞങ്ങളുടെ പാലക്കാട് ജില്ല പ്രസിഡൻറ് ഹരിയേട്ടനെ വിളിച്ചു …… അദ്ദേഹം പറഞ്ഞു സുഭാഷ്‌ജി ഏറ്റെടുത്ത കാര്യത്തിൽ ഇനി ഒരു ടെൻഷനും അടിക്കേണ്ട,മാധ്യമ വാർത്തകൾ ഒന്നും നോക്കണ്ട എന്ന മറുപടിയും ലഭിച്ചു ….. അപ്പോൾ തന്നെ 15 അംഗ ടീമിൽ സഞ്ചു ഉണ്ടെന്ന് ഞാൻ ഉറപ്പിച്ചു …..
സുഭാഷ്‌ജിയെ സംബന്ധിച്ചിടത്തോളം ഇങ്ങനെ എഴുതുന്നത് പോലും അദ്ദേഹത്തിനിഷ്ടമല്ല ….. കാരണം അദ്ദേഹം പബ്ലിസിറ്റി ഒട്ടും ആഗ്രഹിക്കാത്ത മനുഷ്യനാണ്.മോനെ സഞ്ചു ഈ ലോകകപ്പുമായി മാത്രം ഇങ്ങോട്ട് വണ്ടി കയറിയാൽ മതി കേട്ടോ …..
0 Comments