തിരുവനന്തപുരം: മാത്യു കുഴൽനാടൻ നടത്തിയ മാസപ്പടിക്കേസിന്റെ പതനം കോടതിവിധിയോടെ കേരളം കണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതി തന്നെ വ്യക്തമാക്കി. ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ മാപ്പ് പറയാമെന്ന് കുഴൽനാടൻ പറഞ്ഞിരുന്നു. എന്നാൽ മാപ്പ് പറഞ്ഞു വിഷയങ്ങൾ അവസാനിപ്പിക്കണമെന്ന് പറയുന്ന പാർട്ടിയല്ല സി.പി.എമ്മെന്നും ഗോവിന്ദൻ പറഞ്ഞു. നികുതി അടച്ചതിന്‍റെ രസീത് കാണിച്ചാൽ മാപ്പ് പറയാമെന്ന് കുഴൽനാടൻ നേരത്തെ പറഞ്ഞതാണ്. അത് കാണിച്ചിട്ടും അന്ന് മാപ്പ് പറയാൻ അദ്ദേഹം തയ്യാറായില്ല. മാപ്പ് പറയാൻ തയ്യാറാണെന്ന് പറഞ്ഞ കുഴൽനാടൻ എന്തുകൊണ്ട് അതിന് തയ്യാറാവുന്നില്ല എന്നതിന് അദ്ദേഹം മറുപടി പറയണമെന്നും ഗോവിന്ദൻ പറഞ്ഞു.
അതേ സമയം രാജ്യം ഇന്നേവരെ കാണാത്ത വർഗീയ പ്രചരണമാണ് നടക്കുന്നത്. ജനവികാരം ബിജെപിക്കെതിരെ ഉയർന്നു വന്നുകൊണ്ടിരിക്കുകയാണെന്നും ബിജെപി പരാജയത്തിലേക്ക് നീങ്ങുകയാണെന്നും ഗോവിന്ദൻ പറഞ്ഞു. ഇന്ത്യ മുന്നണി വലിയ മുന്നേറ്റമുണ്ടാക്കും. രാജ്യത്തെ സാഹചര്യം ചർച്ച ചെയ്യാൻ വലതുപക്ഷ മാധ്യമങ്ങൾ തയ്യാറാകുന്നില്ലെന്നും അവർ രാജ്യത്തെ രാഷ്ട്രീയ പ്രശ്നങ്ങളെ ഗൗരവമായി എടുക്കുന്നില്ലെന്നും ഗോവിന്ദൻ ആരോപിച്ചു. അതേ സമയം സി പി എം വർഗീയത ഉയർത്തുന്നു എന്ന് പ്രചരണം നടത്തുകയാണെന്നും കെ കെ ശൈലജിക്കെതിരെ വർഗീയ പ്രചരണം വടകരയിൽ നടന്നത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ അറിവോടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . മാതൃഭൂമി ക്യാമറാമാൻ മുകേഷിന്റെ മരണത്തിൽ അദ്ദോഹം അനുശോചനം രേഖപ്പെടുത്തി.
0 Comments