വ്‌ലോഗര്‍മാരുടെ നിയമലംഘന വീഡിയോകള്‍ നീക്കം ചെയ്യാന്‍ യുട്യൂബിന് കത്തെഴുതി മോട്ടോര്‍ വാഹനവകുപ്പ്




വ്‌ലോഗര്‍മാരുടെയും യുട്യൂബര്‍മാരുടെയും ട്രാഫിക് നിയമലംഘന വീഡിയോകള്‍ യുട്യൂബില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് യുട്യൂബ് മോഡറേഷന്‍ ടീമിന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കത്തെഴുതിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്ത ഇത്തരം വീഡിയോകളടക്കം മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും വിശദീകരണത്തിന് സമയംവേണമെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകനും അറിയിച്ചു.

വ്‌ലോഗര്‍മാരും യുട്യൂബര്‍മാരും നടത്തുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച്. ഇത്തരം വീഡിയോകള്‍ അപകടകരമായരീതിയില്‍ വാഹനം ഓടിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇത് ചെറുപ്പക്കാരെ വലിയതോതില്‍ സ്വാധീനിക്കുന്നുണ്ടെന്നുമാണ് യുട്യൂബിനയച്ച കത്തില്‍ പറയുന്നത്.

ഓട്ടോഷോ അടക്കമുള്ള പ്രവൃത്തികള്‍ കലാലയങ്ങളില്‍ ഉണ്ടാകരുതെന്ന നിര്‍ദേശം നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറെയും ഉന്നതവിദ്യാഭ്യാസ ഡയറക്ടറെയും അറിയിച്ചിട്ടുണ്ടെന്നും മോട്ടോര്‍വാഹനവകുപ്പിന്റെ അഭിഭാഷകന്‍ അറിയിച്ചു. എല്‍.ഇ.ഡി. ലൈറ്റുകളടക്കം സ്ഥാപിച്ച വാഹനങ്ങളില്‍ വിനോദയാത്ര അനുവദിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ശബരിമലയാത്രാവാഹനങ്ങളിലും ഈ നിബന്ധനകളുണ്ട്. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. വിഷയം 25-ന് വീണ്ടും പരിഗണിക്കും. ശബരിമല തീര്‍ഥാടകരുടെ സുരക്ഷിതമായ യാത്രയുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഈ വിഷയങ്ങളെല്ലാം പരിഗണിക്കുന്നത്.

വാഹനങ്ങളിലെ രൂപമാറ്റം സംബന്ധിച്ച് നടപടിയെടുത്തതിന്റെപേരില്‍ വ്ലോഗര്‍മാര്‍ ഭീഷണിപ്പെടുത്തുകയാണെങ്കില്‍ അക്കാര്യം ഹൈക്കോടതിയെ അറിയിക്കണമെന്ന് മുന്‍പ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വ്ലോഗര്‍ സഞ്ജു ടെക്കിയുടെ നിയമ ലംഘനത്തിനെതിരേ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ ഈ നിര്‍ദേശം. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.


Post a Comment

0 Comments