തൊഴിലുറപ്പ് പദ്ധതി; ജില്ലയില്‍ തൊണ്ടര്‍നാട് പഞ്ചായത്ത് ഒന്നാമത്


തൊണ്ടര്‍നാട്: മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ജില്ലയില്‍ ഒന്നാമത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മീനങ്ങാടി, തിരുനെല്ലി ഗ്രാമപഞ്ചായത്തുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളും പുല്‍പ്പള്ളി, എടവക പഞ്ചായത്തുകള്‍ നാലും അഞ്ചും സ്ഥാലനങ്ങളും കരസ്ഥമാക്കി. ബ്ലോക്ക് പഞ്ചായത്തുകളില്‍ മാനന്തവാടി ബ്ലോക്ക് ഒന്നാം സ്ഥാനവും സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 

കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ. ഹാളില്‍ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, അവാര്‍ഡ് വിതരണം ചെയ്തു. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.സി മജീദ് എന്നിവര്‍   എന്നിവര്‍ സംസാരിച്ചു.

സുഭിക്ഷകേരളം, ശുചിത്വകേരളം പദ്ധതിയില്‍ ആസ്തി സൃഷ്ടിക്കുന്ന പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതില്‍ ജില്ല മികച്ച നേട്ടമാണ് കൈവരിച്ചത് . ഇതിന്റെ ഭാഗമായി ജില്ലയില്‍ കാലിത്തൊഴുത്ത്-269, ആട്ടിന്‍കൂട്-66, കോഴിക്കൂട്-84,  കുളങ്ങള്‍ -155 , അസോള ടാങ്ക്-38, കിണര്‍ റീ-ചാര്‍ജ്ജിംഗ് - 11, കുടുംബശ്രീ സ്വയം സഹായ സംഘങ്ങള്‍ക്കുള്ള വര്‍ക്ക് ഷെഡ്- 5 എന്നിവയുടെ നിര്‍മ്മാണവും, 112 ഏക്കറില്‍ തീറ്റപ്പുല്‍കൃഷിയും സുഭിക്ഷകേരളം  പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത് നടപ്പാക്കി. ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി കമ്പോസ്റ്റ് പിറ്റ്  669, സോക് പിറ്റ്  3099, എന്നിവയുടെ നിര്‍മാണവും നടപ്പാക്കി.

100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍  54 കുളങ്ങള്‍ നിര്‍മ്മിച്ചു. അമൃത സരോവര്‍ പദ്ധതിയുടെ ഭാഗമായി 74 കുളങ്ങൾ പൂര്‍ത്തീകരിച്ചു. സ്‌കൂളുകള്‍ക്ക് ചുറ്റുമതില്‍, പട്ടികവര്‍ഗ്ഗ ജനവാസ കേന്ദ്രങ്ങളില്‍ കമ്മ്യൂണിറ്റി സോക്ക് പിറ്റ്, ഡ്രെയിനേജ്, തോടരികില്‍ വൃക്ഷത്തൈ നടല്‍, ഓരോ പഞ്ചായത്തിലും ജൈവവൈവിധ്യ പാര്‍ക്കുകള്‍, കലുങ്കുകള്‍, സ്‌കൂളുകളില്‍ കിച്ചന്‍ ഷെഡുകള്‍ എന്നിവ  ഏറ്റെടുത്ത് നടപ്പാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.


Post a Comment

0 Comments