ചാർജിങ് പ്രശ്‌നങ്ങൾ തീരുന്നു; പുതിയ ബാറ്ററിയുമായി വൺപ്ലസ്‌

 


ബെയ്ജിങ്: സ്മാര്‍ട്ട്ഫോണില്‍ ഉപയോഗിക്കുന്ന ചിപ്‌സെറ്റുകൾ ഓരോ വർഷവും മാറിമറയാറുണ്ട്. എന്നാൽ ബാറ്ററി ശേഷിയുടെ കാര്യത്തിൽ ഒരു സാങ്കേതിക കുതിച്ചുചാട്ടം നമ്മൾ ഇതുവരെ കണ്ടിട്ടില്ല. മുൻനിര-ഇടത്തരം റേഞ്ചില്‍ വരുന്ന ഫോണുകളൊക്കെയും 5,000എം.എ.എച്ച് ബാറ്ററി കപ്പാസിറ്റിയില്‍ തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത്.

ഇപ്പോഴിതാ അതിനൊരു മാറ്റം വരുത്തുകയാണ് വണ്‍ പ്ലസ്. 'ഗ്ലേസിയർ ബാറ്ററി'(Glacier Battery)യാണ് വണ്‍ പ്ലസ് പുതുതായി പുറത്തിറക്കുന്ന മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്. ചാര്‍ജ് ചെയ്യുമ്പോഴുണ്ടാകുന്ന സ്ഥിരം പ്രശ്നങ്ങള്‍, ചാര്‍ജ് വേഗത്തില്‍ തീരുമോ എന്ന ആശങ്ക എന്നിവയ്ക്കൊക്കെ 'ഗ്ലേസിയർ ബാറ്ററി' പരിഹാരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പവര്‍ ബാങ്കുകളുടെ ആവശ്യം ഇനി വരില്ലെന്നും പറയപ്പെടുന്നു.

അതേസമയം എന്താണ് 'ഗ്ലേസിയർ ബാറ്ററി' എന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ ബാറ്ററിയുമായി ഇറങ്ങുന്ന വണ്‍ പ്ലസ് എയ്സ് 3 പ്രോ മോഡലിന്റെ അനാവരണ ചടങ്ങിലെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കൂ. 100W ചാർജിങ് പിന്തുണയുള്ള 6,100 എം.എ.എച്ച് ബാറ്ററിയുമായാകും വണ്‍ പ്ലസ് എയ്സ് 3 പ്രോ മോഡല്‍ എത്തുക. ഈ ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യകൊണ്ട് 30 മിനിറ്റിനുള്ളിൽ ബാറ്ററി പൂജ്യത്തിൽ നിന്ന് 100 ശതമാനവും ചാര്‍ജ് ആകും. അതായത് ഫോണ്‍ ഓഫായാല്‍, 30 മിനിറ്റിനുള്ളില്‍ ഫുള്‍ ചാര്‍ജ് ആകും എന്ന്.

ബാറ്ററി കപ്പാസിറ്റി കൂടുമെങ്കിലും വണ്‍പ്ലസ്, മോഡലിന്റെ ഭാരം ഒന്നും കൂട്ടുന്നില്ല. കട്ടി കുറഞ്ഞ 8എം.എംആയിരിക്കും ഫോണിന്റെ തിക്ക്നസ്സ്. ഭാവിയിലെ വൺപ്ലസ് സ്മാർട്ട്ഫോണുകളിലും പുതിയ ബാറ്ററി സാങ്കേതികവിദ്യ തന്നെ ഉൾപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിൽ വിപണിയിൽ ലഭ്യമായതിനേക്കാൾ ചെറുതും കൂടുതൽ ഊർജസാന്ദ്രവുമായ മറ്റു ബാറ്ററികൾ സൃഷ്ടിക്കപ്പെടാന്‍ പുതിയ സാങ്കേതികവിദ്യക്കാവുമെന്നാണ് വിലയിരുത്തല്‍. ബാറ്ററി ലൈഫ് വലിയ ചോദ്യചിഹ്നമായി നിൽക്കുന്ന സ്മാർട്ട്‌ഫോണുകള്‍ക്ക് വളരെ ആവശ്യമായ മുന്നേറ്റമായിരിക്കും അത്.

Post a Comment

0 Comments