'തമ്പി'ന്റെയും 'മേള'യുടെയും കഥാകാരന്‍ ശ്രീധരന്‍ ചമ്പാട് അന്തരിച്ചു



പാട്യം: സര്‍ക്കസ് പ്രമേയമാകുന്ന കഥകളിലൂടെ മലയാള സാഹിത്യത്തിലും സിനിമയിലും ശ്രദ്ധേയനായിരുന്ന ശ്രീധരന്‍ ചമ്പാട് അന്തരിച്ചു. 86 വയസ്സായിരുന്നു. കണ്ണൂര്‍ പാട്യം പത്തായക്കുന്നിലെ വീട്ടിലായിരുന്നു അന്ത്യം. ഇരുപതില്‍പ്പരം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സര്‍ക്കസ് മാനേജരായും ഫ്‌ളയിങ് ട്രപ്പീസ് കലാകാരനായും സര്‍ക്കസ് കമ്പനികളിലെ പി.ആര്‍.ഓ ആയും ജോലി ചെയ്തു. 2014-ല്‍ സാഹിത്യത്തിനുള്ള സമഗ്രസംഭാവനകളെ മാനിച്ച് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. ജി. അരവിന്ദന്റെ തമ്പ് എന്ന സിനിമയുടെ കഥാകാരനും കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന സിനിമയുടെ തിരക്കഥാകൃത്തുമാണ്. ആരവം, കുമ്മാട്ടി, ജോക്കര്‍, അപൂര്‍വസഹോദരങ്ങള്‍, ഭൂമിമലയാളം തുടങ്ങിയ സിനിമകളുമായി സഹകരിച്ചുപ്രവര്‍ത്തിച്ചു. സര്‍ക്കസിന്റെ ചരിത്രവും വിശദമാക്കുന്ന ആല്‍ബം ഓഫ് ഇന്ത്യന്‍ ബിഗ് ടോപ്‌സ് എന്ന പുസ്തകത്തിന്റെ രചയിതാവുകൂടിയാണ്.

1938-ല്‍ തലശ്ശേരിയിലെ ചമ്പാട് കുഞ്ഞിരാമന്റെയും നാരായണിയുടെയും മകനായി ജനിച്ചു. പത്താംക്ലാസ് ജയിച്ചതിനുശേഷം കോഴിക്കോട് ദേവഗിരി കോളേജില്‍ ഉന്നതപഠനത്തിനുചേര്‍ന്നെങ്കിലും വീട്ടിലെ മോശം സാമ്പത്തികാവസ്ഥ കാരണം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് മദ്രാസിലേക്ക് വണ്ടി കയറി. പതിനെട്ടാമത്തെ വയസ്സില്‍ ഹൗറയിലെ ഗ്രേറ്റ് റേയ്മാന്‍ സര്‍ക്കസ്സില്‍ ക്ലാര്‍ക്കായി ജോലി തുടങ്ങി. പിന്നീട് അതേ കമ്പനിയില്‍ത്തന്നെ ട്രപ്പീസുകളിക്കാരനായി. ട്രപ്പീസുകളിയിലെ മികച്ച പ്രകടനം കണ്ട് വിവിധ സര്‍ക്കസ് കമ്പനികളായ ജംബോയും ജെമിനിയും അമറും ഗ്രേറ്റ് റെയ്മണ്ടും അദ്ദേഹത്തെ വിവിധകാലങ്ങളില്‍ ട്രപ്പീസുകളിക്കാരനാക്കി നിയമിച്ചു. ഗ്രേറ്റ് ഈസ്റ്റേണ്‍ സര്‍ക്കസ് കമ്പനിയില്‍ ജോലി ചെയ്യുമ്പോള്‍ മലേഷ്യന്‍ ടൂറില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കസ് മേഖല തന്നെ ഉപേക്ഷിക്കുകയായിരുന്നു. മദ്രാസില്‍ ഓട്ടോ മൊബേല്‍ എന്‍ജിനീയറിങ് പഠിച്ചശേഷം ഡീസല്‍ മെക്കാനിക്കായി മദ്രാസ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ കുറച്ചുകാലം ജോലി ചെയ്തു. പിന്നീട് തിരികെ കേരളത്തിലെത്തി കോഴിക്കോട് ഓട്ടോ ഡ്രൈവറായി. പല മേഖലകളില്‍ ജോലി ചെയ്തുകൊണ്ടിരിക്കേ തലശ്ശേരിയില്‍ നിന്നും അച്ചടിക്കുന്ന പടയണി വാരികയുടെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു. അഞ്ചുവര്‍ഷക്കാലം കൗമുദി ലേഖകനുമായും ജോലി ചെയ്തു.


Post a Comment

0 Comments