'യുഡിഎഫിന്റെ കള്ളപ്രചരണങ്ങള്‍ ജനം അതിജീവിച്ചു; ഇടതുപക്ഷത്തിന്റെ പിന്നിൽ അണിനിരന്നു': കെ രാധാകൃഷ്ണന്‍



ചേലക്കര: ചേലക്കരയില്‍ ജനങ്ങള്‍ എല്ലാ കള്ളപ്രചരണങ്ങളെയും അതിജീവിച്ചെന്ന് ആലത്തൂര്‍ എംപി കെ രാധാകൃഷ്ണന്‍. മൂന്നാം തവണയും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നതിന്റെ തെളിവാണ് ചേലക്കരയെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് 8000ത്തിലധികം വോട്ടുകള്‍ക്ക് മുന്നിലെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ജനങ്ങള്‍ ഇടതുപക്ഷത്തിന്റെ പിന്നില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പ്രാഥമികമായി ലഭിച്ച കണക്കുകളില്‍ നിന്ന് മനസിലാക്കാം. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഉജ്ജ്വല വിജയമുണ്ടാകുമെന്നതില്‍ യാതൊരു സംശയവുമില്ല. ചേലക്കരയില്‍ തിരഞ്ഞെടുപ്പ് വിജയിക്കുകയെന്നത് ജീവന്‍ മരണ പോരാട്ടമായാണ് കോണ്‍ഗ്രസ് കണ്ടത്. ചേലക്കര വിജയിക്കാന്‍ കഴിഞ്ഞാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ ഗുണം ചെയ്യുമെന്ന പ്രതീക്ഷയോട് കൂടി എല്ലാതരത്തിലുമുള്ള കള്ളപ്രചരണങ്ങളും ഇവിടെ പ്രചരിപ്പിക്കുകയുണ്ടായി. അതിനെയെല്ലാം അതിജീവിച്ച് കൊണ്ടാണ് ജനങ്ങള്‍ ഇടതുപക്ഷത്തിന്റെ പിന്നില്‍ അണിനിരന്നതെന്നാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ തുടര്‍ന്നുമുണ്ടാകണം. മൂന്നാം തവണയും എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തില്‍ വരുമെന്നതിന്റെ തെളിവ് കൂടിയാണ് ചേലക്കര', അദ്ദേഹം പറഞ്ഞു.

പാലക്കാട് ഒന്നും പറയാത്ത സ്ഥിതിയാണെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. തങ്ങള്‍ക്ക് രണ്ട് ഭൂരിപക്ഷമുള്ള രണ്ട് പഞ്ചായത്തുണ്ട്, കണ്ണാടിയും മാത്തൂരും. ഈ പഞ്ചായത്തുകളില്‍ അത്ഭുതം സൃഷ്ടിച്ചാല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പാലക്കാടും വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണവിരുദ്ധത പറഞ്ഞുണ്ടാക്കുന്നതല്ലാതെ ജനങ്ങള്‍ക്ക് ഫീല്‍ ചെയ്യുന്നില്ലെന്നും ഭരണത്തിന്റെ നേട്ടം അനുഭവിച്ച ജനങ്ങളെല്ലാം ഇടതുപക്ഷ ജനാധിപത്യത്തിനോടൊപ്പം അണിചേരുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. അതേസമയം ചേലക്കരയില്‍ ഇവിഎം കൗണ്ടിങ് അഞ്ചാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ യു ആര്‍ പ്രദീപ് 8567 വോട്ടിന് ലീഡ് ചെയ്യുകയാണ്.

Post a Comment

0 Comments