ബത്തേരി: വയനാട് ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതിന് പിന്നാലെ ജനങ്ങള്‍ക്ക് നന്ദിയറിയിച്ച് പ്രിയങ്ക ഗാന്ധി. തന്റെ വിജയം യഥാര്‍ത്ഥത്തില്‍ വയനാട്ടിലെ ജനങ്ങളുടെ വിജയമാണെന്നും പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകാന്‍ കാത്തിരിക്കുകയാണെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഭക്ഷണവും വിശ്രമവുമില്ലാതെ തനിക്ക് വേണ്ടി പ്രയത്നിച്ചവര്‍ക്ക് നന്ദിയറിയിക്കുന്നുവെന്നും പ്രിയങ്ക കുറിച്ചു. വഴികാട്ടിയയാതിനും എന്നത്തേയും പോലെ തനിക്കൊപ്പം നിന്നതിനും സഹോദരന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക നന്ദിയറിയിക്കുന്നുണ്ട്.
മൂന്ന് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ ജയം. വയനാട്ടില്‍ 64.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 73.57 ശതമാനം പോളിങ് രേഖപ്പെടുത്തിയ മണ്ഡലമായിരുന്നു വയനാട്. നിയമസഭാ മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മാനന്തവാടിയിലാണ് (62.61) എറ്റവും കൂടുതൽ പോളിങ്ങ് രേഖപ്പെടുത്തിയത്. യുഡിഎഫിന് വേണ്ടി പ്രിയങ്ക ഗാന്ധി മത്സരരംഗത്തെത്തിയതോടെ ദേശീയ ശ്രദ്ധ കൂടിയ മണ്ഡലമായി വീണ്ടും വയനാട് മാറുകയായിരുന്നു. എല്‍ഡിഎഫിന് വേണ്ടി സത്യന്‍ മൊകേരിയും എന്‍ഡിഎയ്ക്ക് വേണ്ടി നവ്യ ഹരിദാസുമാണ് രംഗത്തിറങ്ങിയത്..
പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ്:
വയനാട്ടിലെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ, നിങ്ങള്‍ എന്നിലര്‍പ്പിച്ച സ്‌നേഹത്തിലും വിശ്വാസത്തിലും ഞാന്‍ സന്തോഷവതിയാണ്. തീര്‍ച്ചയായും പതിയെ ഈ വിജയം നിങ്ങളുടെ വിജയമായിരുന്നുവെന്നും, നിങ്ങളെ അഭിംസംബോധന ചെയ്യാന്‍ നിങ്ങള്‍ തിരഞ്ഞെടുത്ത വ്യക്തി, നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും വേണ്ടി നിങ്ങള്‍ക്കൊപ്പം നിന്ന് പോരാടുമെന്ന് മനസിലാകും. പാര്‍ലമെന്റില്‍ നിങ്ങളുടെ ശബ്ദമാകാന്‍ ഞാന്‍ കാത്തിരിക്കുകയാണ്.
ഈ അംഗീകാരത്തിനും അതിലുപരി നിങ്ങള്‍ എനിക്ക് തന്ന സ്‌നേഹത്തിനും ഒരുപാട് നന്ദി.
യുഡിഎഫിലെ എന്റെ സഹപ്രവര്‍ത്തകര്‍, കേരളത്തിലുടനീളമുള്ള സഹപ്രവര്‍ത്തകര്‍, വൊളണ്ടിയര്‍മാര്‍, തുടങ്ങി എല്ലാവരും ഈ വിജയത്തിനായി അഹോരാത്രം പ്രയത്‌നിച്ചു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി; ഭക്ഷണവും വിശ്രമവുമില്ലാതെ 12 മണിക്കൂര്‍ വരെ നീണ്ട എന്റെ യാത്രകള്‍ക്ക് ഒപ്പം നിന്നതിന്, നമ്മള്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന് വേണ്ടി സത്യസന്ധമായി പ്രയത്‌നിച്ചതിന്, നന്ദി.
എന്റെ അമ്മ, റോബര്‍ട്ട്, എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് രത്‌നങ്ങളായ റൈഹാന്‍, മിറായ.. നിങ്ങള്‍ നല്‍കിയ ഊര്‍ജത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എന്റെ പ്രിയപ്പെട്ട സഹോദരന്‍ രാഹുല്‍, ഇവരില്‍ എല്ലാവരും ധൈര്യശാലി നീയാണ്. നന്ദി, വഴികാട്ടിയയാതിനും എന്നത്തേയും പോലെ എനിക്കൊപ്പം നിന്നതിനും..
0 Comments