ബംഗളൂരുവിൽ കണ്ടെയ്‌നർ ട്രക്ക് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം; ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു




 ബെംഗളൂരു: കണ്ടെയ്‌നർ ട്രക്ക് മറിഞ്ഞ് കാർ യാത്രക്കാർക്ക് ദാരുണാന്ത്യം. നെലമംഗലയ്ക്ക് സമീപം എസ്‌യുവി കാറിന് മുകളിലേക്ക് കണ്ടെയ്‌നർ ട്രക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ രണ്ടുകുട്ടികൾ അടക്കം ആറുപേരാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

ബെംഗളൂരുവിൽ നിന്ന് തുംകുരുവിലേക്ക് പോവുകയായിരുന്ന എസ്‌യുവിയും ട്രക്കും വഴിമധ്യേ ആണ് അപകടത്തിൽപെട്ടത്. ഒരേ പാതയിലൂടെയായിരുന്നു രണ്ടുവാഹനങ്ങളും സഞ്ചരിച്ചിരുന്നത്. ഇതിനിടെ എതിരെ വന്ന ലോറിയുമായി കണ്ടെയ്‌നർ ട്രക്ക് കൂട്ടിയിടിച്ച് കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. എസ്‌യുവി പൂർണമായും തകർന്നു.

നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് കാറിനുള്ളിൽ നിന്ന് ആളുകളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. വിജയപുരയിൽ നിന്നുള്ള ബിസിനസുകാരന്റെ കുടുംബം ആണെന്നാണ് പ്രാഥമിക വിവരം. പേരുവിവരങ്ങൾ അടക്കമുള്ള കാര്യങ്ങൾ ലഭ്യമാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. വാരാന്ത്യ അവധി ആയതിനാൽ നഗരത്തിന് പുറത്തേക്ക് കുടുംബം യാത്ര പോവുകയായിരുന്നുവെന്നാണ് വിവരം.

മൃതദേഹങ്ങൾ നെലമംഗല സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

അതേസമയം, അപകടത്തിൽ പെട്ട ട്രക്ക് അടക്കമുള്ള വാഹനങ്ങൾ മൂന്ന് ക്രെയിനുകൾ ഉപയോഗിച്ചാണ് പൊലീസ് റോഡിൽ നിന്ന് നീക്കിയത്. അപകടത്തെ തുടർന്ന് ദേശീയപാത നാലിൽ മൂന്ന് കിലോമീറ്ററോളം ഗതാഗതം സ്‌തംഭിച്ചിരുന്നു.

Post a Comment

0 Comments