മാനന്തവാടി: പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ കേളു തന്റെ മണ്ഡമായ മാനന്തവാടിയിൽ ആദിവാസി വിഭാഗങ്ങൾക്കു നേരെ നടക്കുന്ന തുടർച്ചയായ അതിക്രമങ്ങളുടെ ധാർമിക ഉത്തരവാദിത്വമേറ്റടുത്ത് കൊണ്ട് രാജി വെക്കണമെന്ന് എസ്ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് എ.യൂസുഫ്. എസ്ഡിപിഐ മാനന്തവാടി മണ്ഡലം യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒരു മാസത്തിനിടക്ക് തിരുനെല്ലി ബേഗൂരിൽ മൂന്ന് ആദിവാസി കുടുംബങ്ങളുടെ കുടിൽ പൊളിച്ചതും, പയ്യമ്പള്ളി കൂടൽകടവിൽ മാതനന്ന ആദിവാസി മധ്യവയസ്കൻ അക്രമത്തിനിരയായതും, എടവക വീട്ടിച്ചാൽ നാല് സെന്റ് ഉന്നതിയിലെ വയോധികയുടെ മൃതദേഹം ഓട്ടോയിൽ കൊണ്ട് പോയതടക്കം വാർത്താ പ്രാധാന്യം നേടിയ അക്രമങ്ങളാണ് അരങ്ങേറിയിട്ടുള്ളത്. വാർത്താ പ്രാധാന്യം നേടാത്ത നിരവധി അക്രമങ്ങളും മണ്ഡലത്തിൽ സംഭവിക്കുന്നുണ്ട്. ഇത്തരം അതിക്രമങ്ങളിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാത്തതാണ് ആദിവാസി വിഭാഗങ്ങൾക്കെതിരെ അക്രമങ്ങൾ വർദ്ധിക്കാൻ കാരണം. ഇതിന് വകുപ്പ് മന്ത്രി എന്നനിലയിലും മണ്ഡലം എംഎൽഎ എന്ന നിലയിലും ഒ.ആർ കേളു ഉത്തരവാദിയാണെന്നും അദ്ദേഹത്തിന് മന്ത്രിപദത്തിൽ തുടരാൻ അർഹതയില്ലെന്നും എ യൂസുഫ് കൂട്ടിച്ചേർത്തു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ എസ്. മുനീർ, സൽമ അഷ്‌റഫ്, മണ്ഡലം വൈസ് പ്രസിഡന്റ് അലി ഐനിക്കൽ, മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ തരുവണ, ജോയിന്റ് സെക്രട്ടറി സകരിയ്യ തലപ്പുഴ, മണ്ഡലത്തിലെ വിവിധ പഞ്ചായത്ത്, മുൻസിപ്പൽ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലം സെക്രട്ടറി സജീർ എം ടി, ട്രഷറർ ജുബൈർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
0 Comments