പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറങ്ങും മുൻപ് ജോ ബൈഡന്‍റെ അവസാന ഔദ്യോഗിക വിദേശ സന്ദര്‍ശനം മാർപാപ്പയുടെ അരികിലേക്ക്

 



വാഷിംഗ്ടൺ:യുഎസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറങ്ങും മുൻപ് ജോ ബൈഡന്‍റെ അവസാന ഔദ്യോഗിക വിദേശ സന്ദര്‍ശനം പ്രഖ്യാപിച്ചു. ഡോണൾഡ് ട്രംപിന് അധികാരം കൈമാറുന്നതിന് മുന്നോടിയായി ജനുവരിയിലാണ് പ്രസിഡന്‍റ് ബൈഡന്റെ അവസാന ഔദ്യോഗിക വിദേശ സന്ദർശനം. വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്താനാണ് ബൈഡന്‍റെ തീരുമാനമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

2025 ജനുവരി 9 നാണ് ബൈഡന്‍റെ അവസാന ഔദ്യോഗിക സന്ദർശനം തുടങ്ങുക. ഇറ്റലി, വത്തിക്കാന്‍ എന്നിവിടങ്ങളിൽ സന്ദര്‍ശനം നടത്തി ജനുവരി 12 നാകും ബൈഡൻ മടങ്ങിയെത്തുകയെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ജനുവരി 10 നാകും ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച. ബൈഡനും മാർപാപ്പയും തമ്മിൽ തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചയാകും നടത്തുകയെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചു. ആഗോള തലത്തിൽ സമാധാനം ഉറപ്പാക്കുന്നതിനായുള്ള ചർച്ചകൾ നടത്തിയേക്കുമെന്നാണ് വിവരം.

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായും ബൈഡൻ ഔദ്യോഗിക കൂടിക്കാഴ്ച നടത്തും.

ഔദ്യോഗിക തീരുമാന പ്രകാരം ജനുവരി 20 നാണ് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ബൈഡൻ അധികാരം കൈമാറുക. നേരിട്ട് തന്നെ ചടങ്ങിൽ പങ്കെടുത്താകും ബൈഡൻ, ട്രംപിന് അധികാരം കൈമാറുകയെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാനപരമായ അധികാരകൈമാറ്റം ഉറപ്പാക്കാന്‍ തന്റെ ഭരണകൂടത്തിന് നിര്‍ദേശം നല്‍കുമെന്നും ബൈഡൻ ഉറപ്പുനൽകിയിരുന്നു.

Post a Comment

0 Comments