കേരളത്തിലുള്ള 102 പാകിസ്ഥാനികൾ ഉടൻ രാജ്യം വിടണമെന്ന് നിർദേശം

 


പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലുള്ള പാക് പൗരന്മാര്‍ക്ക് തിരികെ മടങ്ങാൻ നിർദേശം നൽകി. കേരളത്തിലുള്ള 102 പാകിസ്ഥാൻ സ്വദേശികളും ഈ മാസം 29നുള്ളിൽ മടങ്ങണമെന്നാണ് നിർദേശം. പാക് പൗരന്മാർ മടങ്ങണമെന്ന കേന്ദ്രനിർദേശത്തിന് പിന്നാലെയാണ് നടപടി. ചികിത്സ തേടി കേരളത്തിലെത്തിയ പാക് സ്വദേശികൾക്ക് ഉൾപ്പെടെ നിർദേശം കൈമാറിയിട്ടുണ്ട്. വിദ്യാർത്ഥി വിസയും മെഡിക്കൽ വിസയും റദ്ദാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പാക് പൗരന്മാർ ഉള്ളത്. 71 പേരാണ് നിലവിൽ ജില്ലയിലുള്ളത്. അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ട് പേർ പാകിസ്ഥാനിൽ നിന്നുള്ള ഭീകരർ ആണെന്ന് ജമ്മു കശ്മീർ പൊലീസ് സ്ഥിരീകരിച്ചു. ഹാഷിം മുസ, അലി ഭായ് എന്നിവർ രണ്ട് വർഷം മുൻപാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതെന്ന് പൊലീസ് കണ്ടെത്തി. ഇരുവർക്കും ഒപ്പം കശ്മീർ സ്വദേശിയായ ആദിൽ ഹുസൈൻ തോക്കറും ഭീകര ആക്രമണത്തിൽ പങ്കെടുത്തതായി ജമ്മു കശ്മീർ പൊലീസ് കണ്ടെത്തി. ഹാഷിം മുസ മുമ്പും ഭീകരാക്രമണം നടത്തിയിട്ടുള്ളതായി കേന്ദ്ര ഏജൻസികൾ പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിലെ പാകിസ്ഥാൻറെ പങ്ക് ഇന്ത്യ വിവിധ രാജ്യങ്ങളോട് വിശദീകരിച്ചിരുന്നു. വിവിധ നയതന്ത്ര പ്രതിനിധികളെ വിളിച്ചാണ് ഇന്ത്യ ഇക്കാര്യം വിശദീകരിച്ചത്. അമേരിക്ക, യു കെ, റഷ്യ എന്നിവയുൾപ്പടെയുള്ള രാജ്യങ്ങളുടെ അംബാസഡർമാരാണ് ഇന്ത്യ ക്ഷണിച്ചത് പ്രകാരം വിദേശകാര്യമന്ത്രാലയത്തിൽ എത്തിയത്. അതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാവാതാരിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ. ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റെഫാന്‍ ഡുജറിക് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നം പരസ്പര ധാരണയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.

Post a Comment

0 Comments