കോട്ടയം: പേരൂരിൽ അമ്മയും പെൺകുട്ടികളും ആറ്റിൽ ചാടി മരിച്ച കേസിൽ ഭർത്താവ് ജിമ്മിയും ഭർതൃപിതാവും കസ്റ്റഡിയിൽ. ഇരുവരേയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജിസ്മോൾ ഗാർഹിക പീഡനത്തിനിരയായെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. ചോദ്യം ചെയ്ത ശേഷം ഇരുവരെയും അറസ്റ്റ് ചെയ്യും.
മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജിസ്മോളുടെയും മക്കളായ നേഹ, നോറ എന്നിവരുടെയും മരണത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി ജിസ്മോളുടെ കുടുംബം രംഗത്തെത്തിയിരുന്നു. നാളുകളായി ഭർത്താവ് ജിമ്മിയുടെ വീട്ടിൽ ജിസ്മോൾ അനുഭവിച്ചത് കടുത്ത മാനസിക പീഡനമാണെന്നാണ് അച്ഛനും സഹോദരനും പറഞ്ഞിരുന്നത്. ഭർതൃമാതാവും മൂത്ത സഹോദരിയും മകളെ മാനസികമായി നിരന്തരം ഉപദ്രവിച്ചിരുന്നതായി ജിസ്മോളുടെ പിതാവ് പറഞ്ഞിരുന്നു.
പല പ്രശ്നങ്ങൾ ഉണ്ടായപ്പോഴും ജിസ്മോൾ തുറന്ന് പറഞ്ഞിരുന്നില്ല. മകളുടെ ശരീരത്തിൽ മർദിച്ചതിന്റെ പാടുകൾ കണ്ടിട്ടുണ്ടെന്നും മരിക്കുന്നതിന് മുൻപ് ആ വീട്ടിൽ എന്തോ ഒരു കാര്യം സംഭവിച്ചിട്ടുണ്ടെന്നും പിതാവ് നേരത്തേ പറഞ്ഞിരുന്നു. മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കുന്നതിന് മുൻപ് ആദ്യം വീട്ടിൽ വെച്ച് കൈത്തണ്ട മുറിച്ചും മക്കൾക്ക് വിഷം നൽകിയും ആത്മഹത്യ ചെയ്യാനുള്ള ശ്രമം ജിസ്മോൾ നടത്തിയിരുന്നു. ഈ സമയം ഭർത്താവ് ജോലിസ്ഥലത്തായിരുന്നു. മീനച്ചിലാറ്റിൽ ചൂണ്ടയിടാൻ എത്തിയ നാട്ടുകാരാണ് ജിസ്മോളെയും മക്കളെയും കാണുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
0 Comments