പ്രകൃതിദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന ചെലവില്‍ ഈ വര്‍ഷം വര്‍ധനവുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്


ചുഴലിക്കാറ്റുകള്‍, വെള്ളപ്പൊക്കങ്ങള്‍, ഭൂമികുലുക്കം, മണ്ണിടിച്ചില്‍ തുടങ്ങി പ്രകൃതി ദുരന്തങ്ങളുടെ വലിയ നിര തന്നെയാണ് പോയവര്‍ഷവും ഈ വര്‍ഷം ആദ്യവുമായി ലോകം കണ്ടത്. കാലാവസ്ഥാ ദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന ചെലവില്‍ ഈ വര്‍ഷം അതായത് 2025ല്‍ വലിയ വര്‍ധനവുണ്ടായേക്കുമെന്ന് ഇന്‍ഷുറന്‍സ് കമ്പനിയായ സ്വിസ് റീ റിപ്പോര്‍ട്ടില്‍ പറയുന്നു.

2025ല്‍ 145 ബില്യണ്‍ ഡോളറിന്റെ ഇന്‍ഷ്വര്‍ ചെയ്ത നഷ്ടങ്ങള്‍ പ്രകൃതി ദുരന്തങ്ങള്‍ മൂലമുണ്ടാകുമെന്നാണ് ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് 2024ലെ അപേക്ഷിച്ച് ഏകദേശം 6 ശതമാനം കൂടുതലാണ്. ഏറ്റവും ചെലവേറിയ വര്‍ഷങ്ങളില്‍ ഒന്നാണിതെന്നും റിപ്പോര്‍ട്ടിലുണ്ട്. 2024ല്‍ ഇന്‍ഷ്വര്‍ ചെയ്ത നഷ്ടങ്ങള്‍ 137 ബില്യണ്‍ ഡോളറിന്റേതായിരുന്നു.

ഈ വര്‍ഷം ആദ്യം ലോസ് ഏഞ്ചല്‍സിലുണ്ടായ കാട്ടുതീ, 40 ബില്യണ്‍ ഡോളറിന്റെ ഇന്‍ഷ്വര്‍ ചെയ്ത നഷ്ടത്തിന് കാരണമായിട്ടുണ്ട്. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തവ ഉള്‍പ്പടെ പ്രകൃതി ദുരന്തങ്ങളില്‍ നിന്നുള്ള ആകെ നഷ്ടം 2024ല്‍ 318 ബില്യണ്‍ ഡോളര്‍ ആയിരുന്നു. 2023ല്‍ ഇത് 292 ബില്യണ്‍ ഡോളറായിരുന്നു. ഇതില്‍ നിന്നെല്ലാം വലിയ വര്‍ധനവ് ഇത്തവണ ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Post a Comment

0 Comments