കേന്ദ്ര സഹായം സംസ്ഥാനങ്ങളുടെ അവകാശമെന്ന് മുഖ്യമന്ത്രി, വയനാടിനെ പ്രധാനമന്ത്രി അവഗണിച്ചെന്ന് വീണ്ടും വിമർശനം

 


കല്‍പറ്റ: സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായുള്ള വയനാട് ജില്ലാ തല യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്  മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ രണ്ട് സർക്കാരുകൾക്കിടയിൽ ഒരു നാടിനും ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ലാത്ത ദുരന്തങ്ങൾ കേരളം ഏറ്റുവാങ്ങി. വലിയ പ്രയാസങ്ങളും ബുദ്ധിമുട്ടും നേരിട്ടു. ദുരന്തങ്ങളിൽ  നിന്ന് നാടിനെ കരകയറ്റാനുള്ള വലിയ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിന് ഉണ്ട്.

കേന്ദ്രത്തിന്‍റെ  സഹായം സംസ്ഥാനങ്ങളുടെ അവകാശമാണ്. യാചിച്ച് വാങ്ങേണ്ട ഒന്നല്ല, എന്നാൽ സഹായം നൽകേണ്ടവർ സഹായം നിഷേധിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മുൻപ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. അന്ന് ഗുജറാത്ത് ദുരന്തം നേരിട്ടപ്പോൾ വിദേശത്ത് നിന്നടക്കം സഹായം വാങ്ങി. എന്നാൽ പ്രധാനമന്ത്രിയായിരുന്നപ്പോൾ മോദി വിദേശ സഹായം സംസ്ഥാനം സ്വീകരിക്കുന്നതിൽ നിഷേധ നിലപാട് സ്വീകരിച്ചു. കേന്ദ്രം സഹായം നൽകുന്നുമില്ല, സഹായം തരുന്നവരെ തടയുകയും ചെയ്യുന്നു.

ദുരന്ത സഹായം സ്വീകരിക്കാൻ വിദേശത്ത് പോകാൻ മന്ത്രിമാർക്ക് അനുമതിയും നിഷേധിച്ചു. എന്ത് പാതകം ചെയ്തിട്ടാണ് ഈ നിലപാട് എന്ന് മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷത്തേയും അദ്ദേഹം വിമർശിച്ചു. സഹായം കിട്ടുന്നത് പ്രതിപക്ഷം എതിർത്തു. സാലറി ചലഞ്ചിനെതിരെ പ്രതിപക്ഷം കോടതിയിൽ പോയി. പണം നൽകേണ്ടെന്ന് പരസ്യമായി പറഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി

ദുരന്തം ഉണ്ടായ പല സംസ്ഥാനങ്ങളിലും ഒരു PDNA റിപ്പോർട്ടും കാത്ത് നിൽക്കാതെ സഹായം നൽകി. ദുരന്തം വരാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞ് ബിഹാറിന് സഹായം നൽകി. എന്നിട്ടും എന്താണ് കേരളത്തിന് സഹായം നൽകാത്തത് എന്നതിന് ഉത്തരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Post a Comment

0 Comments