പഹൽ​ഗാം ഭീകരാക്രമണം; പാകിസ്ഥാനുമായുള്ള വെടിനിറുത്തൽ കരാർ റദ്ദാക്കിയേക്കും



ഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനുമായുള്ള വെടിനിറുത്തൽ കരാർ റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ട്. 2021മുതലുള്ള കരാർ റദ്ദാക്കാൻ സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. കശ്മീരിലെ അതിർത്തിയിൽ ഇപ്പോഴും പാക് വെടിവെപ്പ് തുടരുകയാണ്.

വെടിവെയ്പ്പില്‍ ആർക്കും പരിക്കില്ല. വ്യാഴാഴ്ച രാത്രിയാണ് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തിയത്. ശക്തമായ തിരിച്ചടി നൽകിയെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണം ഇരു രാജ്യങ്ങൾക്കുമിടയിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചതിന് പിന്നാലെയാണ് വെടിവയ്പ്പ് നടന്നത്.

ഒരു മലയാളി ഉള്‍പ്പെടെ 26 പേരാണ് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനെതിരെയുള്ള കടുത്ത നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്. ഇതിന്‍റെ ഭാഗമായി സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ വിജ്ഞാപനമിറക്കി. പാകിസ്ഥാനെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്.

പാകിസ്ഥാന്‍റെ തുടർച്ചയായ അതിർത്തി കടന്നുള്ള ഭീകരവാദമാണ് കരാറിൽ നിന്ന് പിന്മാറാനുള്ള കാരണമെന്ന് ഇന്ത്യ അറിയിച്ചു. അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിൽ ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞിരുന്നു. ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റെഫാൻ ഡുജാറിക് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നം പരസ്പര ധാരണയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.

Post a Comment

0 Comments