ബന്ദിപ്പോറയില്‍ ലഷ്‌കര്‍ ഇ തയ്ബ കമാന്‍ഡറെ വധിച്ചതായി റിപ്പോര്‍ട്ട്; ഏറ്റുമുട്ടല്‍ തുടരുന്നു

 


ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബന്ദിപോറയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുട്ടലില്‍ ലഷ്‌കര്‍ ഇ തയ്ബ കമാന്‍ഡറെ വധിച്ചതായി റിപ്പോര്‍ട്ട്. അല്‍ത്താഫ് ലല്ലിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

ജില്ലയിലെ കുല്‍നാര്‍ ബാസിപ്പോര പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സേന തിരച്ചില്‍ നടത്തിയത്. സ്ഥലത്ത് തമ്പടിച്ചിരുന്ന ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് തിരച്ചില്‍ ഏറ്റുമുട്ടലായി മാറുകയായിരുന്നു.

കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും മറ്റുമായി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതലയോഗവും ചേരും. അതിനിടെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ പ്രദേശവാസികളായ രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തിരുന്നു. പ്രാദേശിക ഭരണകൂടമാണ് വീടുകള്‍ ഇടിച്ചുനിരത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം എന്നാണ് റിപ്പോര്‍ട്ട്.

ആദില്‍ ഹുസൈന്‍ തോക്കര്‍, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. തോക്കര്‍ അനന്ത്‌നാഗ് സ്വദേശിയും ഷെയ്ഖ് പുല്‍വാമ സ്വദേശിയുമാണ്. പൊലീസ് ഇരുവരുടെയും രേഖാചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. തകര്‍ത്ത വീടുകളില്‍ സ്ഫോടക വസ്തുക്കളും ഉണ്ടായിരുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Post a Comment

0 Comments