ബെംഗളൂരു: കശ്മീരിൽ കുടുങ്ങി കിടക്കുന്ന കർണാടക സ്വദേശികളെ തിരിച്ചെത്തിക്കാൻ വിമാനം ഏർപ്പെടുത്തുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കർണാടകയിൽ നിന്ന് കശ്മീരിലേക്ക് യാത്ര പോയ 40 ലധികം പേരാണ് കുടുങ്ങിക്കിടക്കുന്നത്. അവരെയെല്ലാം സുരക്ഷിതമായി സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാൻ പ്രത്യേക വിമാനം ക്രമീകരിക്കാൻ അധികാരികൾക്ക് നിർദ്ദേശം നൽകിയതായും സിദ്ധരാമയ്യ അറിയിച്ചു.
അതേസമയം കൊല്ലപ്പെട്ടവരിൽ കർണാടകയിൽ നിന്നുള്ള രണ്ട് പേരും ഉൾപ്പെടുന്നു. മഞ്ജുനാഥ് റാവു, ഭരത് ഭൂഷൻ എന്നിവരാണ് മരിച്ചത്. ശിവമോഗ സ്വദേശിയാണ് മഞ്ജുനാഥ് റാവു. ഭരത് ഭൂഷൻ ബെംഗളൂരു സ്വദേശിയും. ഇരുവരുടെയും ഭാര്യമാരുമായി മുഖ്യമന്ത്രി സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തതായി അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
എല്ലാ കർണാടക സ്വദേശികളെയും സുരക്ഷിതമായി സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാനുള്ള ദൃഢനിശ്ചയത്തോടെയാണ് സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്. ആരും വിഷമിക്കേണ്ടതില്ലെന്ന് സിദ്ധരാമയ്യ എക്സ് പോസ്റ്റിൽ പറഞ്ഞു. സഹായത്തിന് 112 എന്ന നമ്പറിൽ വിളിക്കാമെന്നും സുരക്ഷയും അടിയന്തര പിന്തുണയും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ ജമ്മു കശ്മീർ അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
0 Comments