ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണം നടന്ന പഹല്‍ഗാമിലെ ബൈസരണ്‍ വാലി സന്ദര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹെലികോപ്റ്ററിലാണ് അദ്ദേഹം ഇവിടെയെത്തിയത്. ഭീകരർക്ക് മുന്നിൽ ഇന്ത്യ മുട്ടുമടക്കില്ലെന്നും പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരെയും ഇരകളുടെ കുടുംബങ്ങളെയും അമിത് ഷാ സന്ദര്‍ശിച്ചു. ഹീനമായ പ്രവൃത്തി ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി അവർക്ക് ഉറപ്പു നല്‍കി.
അതേസമയം ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെത്തി. നാല് പതിറ്റാണ്ടിനിപ്പുറം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ജിദ്ദയിലെത്തുന്നതിന്‍റെ സന്തോഷത്തിലായിരുന്നു പ്രവാസികള്‍. ജിദ്ദയിലെത്തിയ നരേന്ദ്ര മോദിക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ജിദ്ദയിലെത്തിയ മോദിക്ക് പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്നാണ് സന്ദര്‍ശനം വെട്ടിച്ചുരുക്കേണ്ടി വന്നത്.
ഇന്നലെയാണ് കശ്മീരിലെ പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. പഹല്‍ഗാമിലെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരേയാണ് ഭീകരവാദികള്‍ വെടിയുതിര്‍ത്തത്. ഭീകരാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. മരണപ്പെട്ടവരെയെല്ലാം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റ 17 പേരിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
0 Comments