ഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം വിഛേദിക്കാനൊരുങ്ങി ഇന്ത്യ. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കുക, പാക് നയതന്ത്ര കാര്യാലയത്തിന് നല്‍കിയ ഭൂമി തിരികെ വാങ്ങുക, പാകിസ്ഥാനിലെ നയതന്ത്ര കാര്യാലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുക തുടങ്ങിയ നീക്കങ്ങളാണ് ഇന്ത്യ നടപ്പാക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കൂടാതെ ഇന്ത്യയിലെത്താന്‍ പാക് സ്വദേശികള്‍ക്ക് അനുവദിച്ചിരുന്ന വിസകളും റദ്ദാക്കും. ഇന്ത്യക്കാരുടെ പാകിസ്ഥാനിലേക്കുള്ള യാത്രയ്ക്കും വിലക്ക് കൊണ്ട് വരാൻ സാധ്യതയുണ്ട്. ഇന്ത്യാ-പാകിസ്ഥാൻ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഞ്ചാരത്തിനായി തുറന്ന കര്‍ത്താര്‍പുര്‍ ഇടനാഴി അടയ്ക്കുമെന്നാണ് പ്രതിരോധ വൃത്തങ്ങളെ ഉദ്ദരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പാകിസ്ഥാനുമായുള്ള നേരിട്ടുള്ളതും അല്ലാത്തതുമായ എല്ലാ വ്യാപാരങ്ങളും അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കും. പാകിസ്ഥാനിൽ നിന്ന് മറ്റൊരു രാജ്യം വഴി ഇന്ത്യയിലേക്കുള്ള ഇറക്കുമതികളും നിരോധിച്ചേക്കും. പാകിസ്ഥാനുമായുള്ള സഹകരണം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി വാഗ, ഹുസൈന്‍വാല, ആര്‍.എസ് പുര അതിര്‍ത്തികളിൽ നടക്കാറുള്ള പതാക താഴ്ത്തല്‍, ബീറ്റിങ് റീട്രീറ്റ് ചടങ്ങുകള്‍ ഒഴിവാക്കുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സിന്ധുനദീജല കരാറില്‍ നിന്ന് പിന്മാറിയേക്കുമെന്നും സൂചനയുണ്ട്. പാകിസ്ഥാനിലെ കര്‍ഷകര്‍ ഏറെ ആശ്രയിക്കുന്ന നദീജലം പങ്കിടല്‍ കരാര്‍ അവസാനിപ്പിക്കണമെന്ന ആവശ്യം മുന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു. പഹല്‍ഗാമിലെ സംഭവവികാസങ്ങള്‍ ഇന്ത്യ യുഎന്‍ രക്ഷാസമിതിയെ സ്ഥിരാംഗങ്ങളോട് വിശദീകരിക്കും, ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് വിശദമാക്കുന്ന തെളിവുകളും കൈമാറും.
0 Comments