‘ഭീകരവാദികള്‍ക്കും ഗൂഢാലോചന നടത്തിയവര്‍ക്കും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ശിക്ഷ നല്‍കും’ ; പ്രധാനമന്ത്രി നരേന്ദ്ര മോദി


ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനിൽ നിന്നുമുള്ള ഏത് തരം ആക്രമണത്തെയും നേരിടാൻ ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. സൈനിക നീക്കത്തിന്റെ സൂചന നൽകികൊണ്ട് ഇന്ത്യ മിസൈൽ പരീക്ഷണം നടത്തി. ലേസർ നിയന്ത്രിത മിസൈൽ പരീക്ഷണമാണ് നടത്തിയത്. ഗുജറാത്തിലെ സൂറത്തിൽ ഇന്ത്യൻ നാവികസേനയുടെ കപ്പലായ ഐഎൻഎസ് വിക്രാന്തിലാണ് മിസൈൽ പരീക്ഷണം നടന്നത്. കറാച്ചി തീരത്ത് പാകിസ്ഥാൻ മിസൈൽ പരീക്ഷണം നടത്തുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയായിരുന്നു ഇന്ത്യയുടെ പരീക്ഷണം.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചും ഭീകരർക്ക് മുന്നറിയിപ്പ് നൽകിയും പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ബിഹാറിൽ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനത്തിനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനുമായി എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. രാജ്യത്തിന്‍റെ ശത്രുക്കള്‍ ഇന്ത്യയുടെ ആത്മാവിന് മേല്‍ ആക്രമണം നടത്തി. അങ്ങനെ ചെയ്തവർക്ക് അവരുടെ സങ്കല്‍പ്പത്തിലുളളതിനെക്കാള്‍ വലിയ ശിക്ഷ നല്‍കും. 140 കോടി ജനങ്ങളുടെ ഇച്ഛാശക്തി ഭീകരവാദികളുടെ ആത്മവിശ്വാസം തകര്‍ക്കും. ഭാരതത്തിന്റെ ആത്മാവിന് മേലുള്ള ആക്രമണമാണിത്. ഇന്ത്യ അവരെ കണ്ടെത്തി ശിക്ഷിക്കും. അതിനായി എല്ലാ നടപടിയും സ്വീകരിക്കുമെന്നും വികസനത്തിന് ശാന്തിയും സമാധാനവുമാണ് ആവശ്യം, ഇന്ത്യ അതാണാഗ്രഹിക്കുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് തെളിഞ്ഞുവന്നതിന് പിന്നാലെ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. അട്ടാരി അതിർത്തിയിലെ പ്രതിദിന ബീറ്റിങ് ദി റിട്രീറ്റ് നിർത്തിവയ്ക്കുമെന്നാണ് റിപ്പോർട്ട്. അട്ടാരി – വാഗ അതിർത്തി അടയ്ക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഈ നീക്കം. കൂടാതെ പാക് സർക്കാരിന്റെ എക്സ് അക്കൗണ്ടിന്‌ ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ ആവശ്യം അനുസരിച്ച് എക്‌സിന്റേതാണ് നടപടി. ഗവണ്മെന്റ് ഓഫ് പാകിസ്ഥാൻ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകൾക്കും ഇന്ത്യയിൽ വിലക്കുണ്ട്. സിന്ധു നദീജല കരാർ മരവിപ്പിക്കാൻ തുടങ്ങി നിരവധി നടപടികൾ കൈക്കൊണ്ട ശേഷമാണ് എക്സ് അക്കൗണ്ടും കേന്ദ്രസർക്കാർ മരവിപ്പിച്ചത്.

സിന്ധു നദീജല കരാർ റദ്ദാക്കിയതടക്കം കടുത്ത നടപടികളാണ് കേന്ദ്രസർക്കാർ പാകിസ്ഥാനെതിരെ സ്വീകരിച്ചത്. പാകിസ്ഥാൻ പൗരന്മാർക്കുള്ള വിസാ നടപടികൾ ഇന്ത്യ മരവിപ്പിച്ചു. വാ​ഗ – അട്ടാരി അതിർത്തി അടിയന്തരമായി അടച്ചു. വാഗ-അട്ടാരി വഴി വന്ന പാക് പൗരന്മാർ മെയ് ഒന്നിനകം ഇന്ത്യ വിടണമെന്ന് നിർദേശിച്ചിട്ടുണ്ട്. സാർക് വിസ വഴി വന്നവർ 48 മണിക്കൂറിനകം ഇന്ത്യ വിടണം. പാക് പൗരന്മാർക്ക് ഇനി മുതൽ വിസ നൽകില്ല. നിലവിലെ വിസകളെല്ലാം റദ്ദാക്കും. പാക് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. പാക് ഹൈക്കമ്മീഷനിലെ അംഗസംഖ്യ മുപ്പതാക്കി കുറയ്ക്കാനും തീരുമാനമായി.

Post a Comment

0 Comments