ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി 2000 അധിക മെഡിക്കല്‍ സീറ്റുകള്‍ അനുവദിച്ച് റഷ്യ

 



മോസ്കോ: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി 2000 അധിക മെഡിക്കല്‍ സീറ്റുകള്‍ അനുവദിച്ച് റഷ്യ. റഷ്യന്‍ സര്‍വകലാശാലകളില്‍ മെഡിക്കല്‍ കോഴ്‌സുകള്‍ പഠിക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് റഷ്യ സീറ്റുകള്‍ വർധിപ്പിച്ചിരിക്കുന്നത്. ചെന്നൈയിലെ റഷ്യൻ ഫെഡറേഷന്റെ കോൺസുലേറ്റ് ജനറലിലെ കോൺസൽ ജനറൽ വലേരി ഖോഡ്‌ഷേവാണ് ഇക്കാര്യം അറിയിച്ചത്.

വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയാണ് ഏറ്റവും മികച്ച ചോയ്‌സ് എന്ന് വലേരി പറഞ്ഞു. ലോകമെമ്പാടും ഉയർന്ന നിലവാരമുള്ള മെഡിക്കൽ വിദ്യാഭ്യാസം നൽകുന്നതിൽ റഷ്യൻ സർവകലാശാലകൾക്ക് വര്‍ഷങ്ങളായുള്ള പാരമ്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി റഷ്യയില്‍ എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ഷം തോറും വര്‍ധിച്ചുവരികയാണ്. 2024ല്‍ മെഡിക്കല്‍ സീറ്റുകളുടെ എണ്ണം 8000ല്‍ നിന്ന് 10,000 ആയി റഷ്യ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ 60 വര്‍ഷമായി ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് റഷ്യന്‍ സര്‍വകലാശാലകളില്‍ പ്രവേശനം ലഭിക്കുന്നുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി മികച്ച പഠനാന്തരീക്ഷമാണ് റഷ്യ നല്‍കുന്നതെന്നും വലേരി ഖോഡ്ഷേവ് പത്രക്കുറിപ്പില്‍ പറഞ്ഞു.

മുന്‍ വര്‍ഷങ്ങളിലേത് പോലെ 200 വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യ 100 ശതമാനം സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം അനുവദിക്കുമെന്ന് റഷ്യന്‍ ഹൗസ് വൈസ് കോണ്‍സലും ഡയറക്ടറുമായ അലക്‌സാണ്ടര്‍ ഡോഡോനോവ് പറഞ്ഞു. ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ്, ഗവേഷണങ്ങള്‍ തുടങ്ങിയ കോഴ്‌സുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതാണ്.

2025-26 അധ്യയന വര്‍ഷത്തേക്കുള്ള അഖിലേന്ത്യാ റഷ്യന്‍ വിദ്യാഭ്യാസ മേള മെയ് 10, 11 തീയതികളില്‍ റഷ്യന്‍ സെന്റര്‍ ഓഫ് സയന്‍സ് ആന്‍ഡ് കള്‍ച്ചറില്‍ നടക്കും. കോയമ്പത്തൂർ, സേലം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലും സമാനമായ പരിപാടികൾ ന‌ടക്കും. വോൾഗോഗ്രാഡ് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി, ഇമ്മാനുവൽ കാന്റ് ബാൾട്ടിക് ഫെഡറൽ യൂണിവേഴ്സിറ്റി, കസാൻ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി, നാഷണൽ റിസർച്ച് ന്യൂക്ലിയർ യൂണിവേഴ്സിറ്റി, മോസ്കോ ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, മോസ്കോ സ്റ്റേറ്റ് റീജിയണൽ യൂണിവേഴ്സിറ്റി തു‌ങ്ങിയ യൂണിവേഴ്സിറ്റകൾ മേളയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

Post a Comment

0 Comments