ന്യൂഡൽഹി: ജമ്മു ഉൾപ്പെടെ വിവിധ ഇന്ത്യൻ മേഖലയിലേക്ക് മിസൈലുകൾ തൊടുത്ത് പാകിസ്താൻ നടത്തിയ ആക്രമണശ്രമത്തിന് ഇന്ത്യ കനത്ത തിരിച്ചടി നൽകിയാതായി റിപ്പോർട്ട്. ഇന്നലെ 24 നഗരങ്ങൾ ലക്ഷ്യമിട്ട് അയച്ച 500-ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു. രാത്രി 8 മണിക്കും 11.30 നുമിടയിലാണ് ഡ്രോണുകൾ അയച്ചത്.
ഇന്ന് നിയന്ത്രണ രേഖയിലെ 2 പാക് സൈനികപോസ്റ്റുകൾ ഇന്ത്യൻ സൈന്യം തകർത്തു. സാംബ,രജൗരി പോസ്റ്റുകളാണ് തകർത്തത്. പാക് വെടിവെയ്പ് ശക്തമായതിനെ തുടർന്നാണ് ഇന്ത്യ തിരിച്ചടിച്ചത്. അതേസമയം, സിന്ധു നദീജല കരാർ റദ്ദാക്കിയ നടപടിയിൽ ഇടപെടില്ലെന്ന് ലോകബാങ്ക് പ്രസിഡന്റ് അജയ് ബങ്ക അറിയിച്ചു.
സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ വിവിധ മുൻകരുതൽ സ്വീകരിക്കുന്നുണ്ട്. കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പ് യോഗം ചേർന്നു. ധനകാര്യ മന്ത്രി നിർമല സീതാരാമൻ ബാങ്കുകളുടെ യോഗം വിളിച്ചു. ബാങ്കുകൾക്ക് നേരെ സൈബർ ആക്രമണം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി. മുന്നൊരുക്കങ്ങൾ നടത്താൻ ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി. ഡൽഹി രാജ്യാന്തര വിമാനത്തവാളത്തിൽ ഇന്ന്138 സർവീസുകൾ റദ്ദാക്കി. അതിർത്തി സംസ്ഥാനങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി.
നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യാതിർത്തിയിലെ അടിയന്തര സാഹചര്യം അടിയന്തര മന്ത്രിസഭായോഗം വിലയിരുത്തി. സ്ഥിതിഗതികൾക്ക് അനുസരിച്ച് തീരുമാനം എടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി. സർക്കാർ വാർഷികത്തോട് അനുബന്ധിച്ച ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കാനും തീരുമാനമെടുത്തു.ഓൺലൈനായാണ് യോഗം നടന്നത്.
0 Comments