ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയെന്ന് പാക് സൈന്യം, 46 പേർക്ക് പരിക്ക്

 



ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയെന്ന് റിപ്പോർട്ട്. 46 പേർക്ക് പരിക്കേറ്റു. വാർത്താ ഏജൻസിയാണ് പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത്. വാർത്താ സമ്മേളനത്തിലാണ് പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്. 

26 പേർ മരിച്ചു എന്നാണ് നേരത്തെ പാകിസ്ഥാൻ ഔദ്യോഗികമായി അറിയിച്ചിരുന്നത്. ഒൻപത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. വാർത്താസമ്മേളനത്തിൽ സൈനിക ഉദ്യോഗസ്ഥർ ഇന്ത്യയ്ക്കെതിരെ വർഗീയമായ പരാമർശങ്ങളും നടത്തി. സഹതാപം പിടിച്ചുപറ്റാനുള്ള വാദങ്ങളും ഉയർത്തി. ഇന്ത്യയുടെ സൈനിക വിമാനങ്ങൾ വെടിവച്ചിട്ടു എന്ന വ്യാജ വാദവും നേരത്തെ ഉന്നയിച്ചിരുന്നു.

അതിനിടെ പാകിസ്ഥാൻ ജനതയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് സംസാരിച്ചു. ഇന്ത്യക്കെതിരെ യുദ്ധ ഭീഷണി മുഴക്കുകയാണ് രാജ്യത്തെ അഭിസംബോധന ചെയ്ത ഷഹബാസ് ഷരീഫ് ചെയ്തത്. പാകിസ്ഥാൻ ഒരടി പിന്നോട്ടില്ലെന്നും തിരിച്ചടി നൽകാൻ ഏതറ്റം വരെയും പോകുമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിൽ കൊല്ലപ്പെട്ട ഭീകരരെയടക്കം രക്തസാക്ഷികൾ എന്ന് വിശേഷിപ്പിച്ചാണ് പാക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.

തിരിച്ചടിക്കുമെന്നും തുടര്‍ ആക്രമണത്തിനുള്ള സമയവും സാഹചര്യവും സൈന്യത്തിന് സ്വീകരിക്കാമെന്നും ഷഹബാസ് വ്യക്തമാക്കി. ജമ്മു കശ്മീര്‍, ഗുജറാത്ത്, രാജസ്ഥാന്‍ അതിർത്തികളാണ് പാകിസ്ഥാന്‍ ഉന്നം വയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാഷ്ട്രീയമായും സാമ്പത്തികമായും ദുര്‍ബലമായ പാകിസ്ഥാന് തിരിച്ചടിക്ക് ശേഷിയില്ലെന്ന് വിലയിരുത്തപ്പെടുന്നു. അടിയന്തര സാഹചര്യം പരിഗണിച്ച് പാക് സര്‍ക്കാര്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ആഭ്യന്തര വിമാന സര്‍വീസുകള്‍ 36 മണിക്കൂര്‍ നേരം റദ്ദാക്കി. വ്യോമപാതയും പൂര്‍ണ്ണമായും അടച്ചു.

Post a Comment

0 Comments