കോട്ടയം കറുകച്ചാലിൽ യുവതി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. വെട്ടിക്കാവൂങ്കൽ പൂവൻപാറയിൽ വാടകയ്‌ക്ക് താമസിക്കുന്ന കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു കൃഷ്ണൻ (36) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടമുണ്ടായത്. ചങ്ങനശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ നീതു ജോലിക്കു പോകും വഴിയാണ് അപകടമുണ്ടായത്.
വാഹനമിടിച്ചിട്ട നീതുവിനെ നാട്ടുകാരാണ് ആശുപത്രിയിൽ കൊണ്ടുപോയത്. കറുകച്ചാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നീതുവിന്റെ ജീവൻ രക്ഷിക്കാനായില്ല. നീതുവിന്റെ മക്കൾ: ലക്ഷ്മി നന്ദ, ദേവനന്ദ. സംസ്കാരം പിന്നീട്. വെട്ടിക്കാവുങ്കൽ – പൂവൻപാറപ്പടി റോഡിലാണ് അപകടം. സംഭവസ്ഥലത്ത് നിന്ന് ഒരു കാർ മല്ലപ്പള്ളി ഭാഗത്തേക്ക് ഈ സമയം പോകുന്നത് കണ്ടതായി നാട്ടുകാർ പൊലീസിന് മൊഴി നൽകി.അതേസമയം പ്രതിയെന്ന് കരുതുന്ന ഒരാളെ പെലീസ് പിടികൂടിയിട്ടുണ്ടെന്നും സൂചനയുണ്ട്. പിന്നിലൂടെയെത്തിയാണ് നീതുവിനെ വാഹനം ഇടിച്ചിട്ടതെന്നാണ് പൊലസീ സംശയം. സംഭവ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവരുടെ സമീപകാലത്തെ സാമ്പത്തിക ഇടപാടുകളും ഫോൺ രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
0 Comments