ബ്രേക്ക് ചവിട്ടിയപ്പോള്‍ കാല്‍ മാറി ആക്‌സിലറേറ്ററില്‍ ആയതെന്ന് പ്രതി; കൊടുംക്രൂരതയ്ക്ക് ജീവപര്യന്തം



തിരുവനന്തപുരം: കാട്ടാക്കട വീരണക്കാവ് സ്വദേശിയായ പത്താം ക്‌ളാസ് വിദ്യാര്‍ഥി ആദിശേഖര്‍ കാറിടിച്ചു മരിച്ച കേസില്‍, നാലാഞ്ചിറ സ്വദേശിയായ പ്രിയരഞ്ജന് ജീവപര്യന്തം കഠിനതടവും 10 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.പിഴയൊടുക്കിയില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. പിഴത്തുക ആദിശേഖറിന്റെ മാതാപിതാക്കളായ അരുണ്‍ കുമാറിനും ദീപയ്ക്കും നല്‍കാനും കോടതി നിര്‍ദേശിച്ചു. ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് ശിക്ഷ വിധിച്ചത്. 2023 ഓഗസ്റ്റ് 30-ന് വൈകീട്ടാണ് വീടിനു സമീപത്തെ പുളിങ്കോട് ഭദ്രകാളിക്ഷേത്ര റോഡില്‍െവച്ചാണ് ആദിശേഖര്‍(15) കാറിടിച്ചു മരിച്ചത്.2023 ഏപ്രില്‍ 19-ന് പ്രിയരഞ്ജന്‍ പുളിങ്കോട് ഭദ്രകാളിക്ഷേത്ര മതിലില്‍ മൂത്രമൊഴിക്കുന്നത് ആദിശേഖര്‍ ചോദ്യംചെയ്തിരുന്നു. ഈ വിരോധം മനസ്സില്‍ സൂക്ഷിച്ച പ്രതി, മേയ് ഏഴിന് പാല്‍ വാങ്ങി വീട്ടിലേക്കു പോകുകയായിരുന്ന ആദിശേഖറിനെ വഴിയില്‍ തടഞ്ഞ് കൈ പിടിച്ചു തിരിച്ചു.

ഈ സംഭവം അരുണ്‍ കുമാറിന്റെ ഇളയമ്മ കാണുകയും അവര്‍ ഓടിയെത്തിയപ്പോള്‍ പ്രതി കാറില്‍ കയറിപ്പോവുകയും ചെയ്തു. തുടര്‍ന്ന് ഓഗസ്റ്റ് 30-ന് വൈകീട്ട് റോഡില്‍ ഏറെനേരം കാത്തുനിന്ന പ്രിയരഞ്ജന്‍, ഫുട്‌ബോള്‍ കളി കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്കു പോവുകയായിരുന്ന ആദിശേഖറിനെ തന്റെ കാര്‍ അമിതവേഗത്തില്‍ ഓടിച്ചുകയറ്റി കൊല്ലുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഇത് അപകടമല്ല, മനഃപൂര്‍വമുള്ള കൊലപാതകമാണെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനായി.

സാങ്കേതികത്തകരാര്‍ മൂലം സ്വയം നീങ്ങിയ കാറിന്റെ ബ്രേക്കില്‍ ചവിട്ടിയപ്പോള്‍ കാല്‍ മാറി ആക്‌സിലറേറ്ററില്‍ ആയതാണ് അപകടകാരണമെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചില്ല. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എസ്.വിനീത് കുമാര്‍, ടോണി ജെ.സാം എന്നിവര്‍ ഹാജരായി.


Post a Comment

0 Comments