കാമുകനൊപ്പം ചേര്‍ന്ന് പത്ത് വയസുകാരനെ കൊന്ന് സ്യൂട്ട്കേസിലാക്കി; അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ

 


ദിസ്പൂര്‍: അസ്സമിലെ ഗുവാഹത്തിയിൽ അമ്മയുടെ കാമുകൻ പത്ത് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞു. നവോദയ ജാതിയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ മൃണ്‍മോയ് ബര്‍മന്‍ എന്ന പത്ത് വയസുകാരനാണ് കൊല്ലപ്പെട്ടത്. കേസിൽ അമ്മയും ആൺസുഹൃത്തും അറസ്റ്റിലായിട്ടുണ്ട്.

ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന് കാണിച്ച് കുട്ടിയുടെ അമ്മ ശനിയാഴ്ച പരാതി നൽകിയതായി ഗുവാഹത്തി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ (ഈസ്റ്റ്) മൃണാൾ ദേക പിടിഐയോട് പറഞ്ഞു. വനംവകുപ്പ് ഓഫീസിന് സമീപമുള്ള വിജനമായ ഒരു റോഡരികിൽ നിന്ന് ആക്രിക്കച്ചവടക്കാരാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്. സംശയത്തെ തുടര്‍ന്ന് കുട്ടിയുടെ അമ്മ ദിപാലി രാജ്ബോങ്ഷിയെയും കാമുകൻ ജ്യോതിമോയ് ഹലോയിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ, കുട്ടിയെ കൊലപ്പെടുത്തിയതായി ഇരുവരും സമ്മതിച്ചു.ഒരു സ്വകാര്യ ക്ലിനിക്കിലെ ജോലിക്കാരിയാണ് ദിപാലി.

ബര്‍മനിലുള്ള ഭര്‍ത്താവ് രണ്ട് മാസം മുമ്പ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നതായി പൊലീസ് കണ്ടെത്തി. യുവതി ജ്യോതിമോയുമായി പ്രണയത്തിലായിരുന്നുവെന്നും കണ്ടെത്തുകയായിരുന്നു. പ്രതികള്‍ രണ്ടു പേരും കുട്ടിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഫോറൻസിക് സംഘവും സിഐഡി ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചതായി ഡിസിപി പറഞ്ഞു.

Post a Comment

0 Comments