ദില്ലി: വിദേശത്ത് രാഷ്ട്രീയം കളിക്കാൻ ഉദ്ദേശമില്ലെന്ന് ശശി തരൂർ എംപി. വിദേശത്ത് ഇന്ത്യയുടെ നിലപാട് ഒറ്റക്കെട്ടായി അവതരിപ്പിക്കുമെന്ന് ശശി തരൂർ പറഞ്ഞു. വിദേശത്ത് രാഷ്ട്രീയം കളിക്കാനില്ല. ഇന്ത്യയ്ക്കകത്ത് വ്യത്യസ്ത നിലപാട് ഉയരുന്നതിൽ തെറ്റില്ല. ജനാധിപത്യ രാജ്യത്ത് ഇതുണ്ടാകും. വിദേശത്തേക്ക് പോകുന്നത് ഇന്ത്യയുടെ കാഴ്ചപ്പാട് അവതരിപ്പിക്കാൻ മാത്രമാണ്. ഭീകരതയുടെ ഇരയാണ് ഇന്ത്യ എന്നത് തുറന്ന് കാട്ടുമെന്നും ശശി തരൂർ പ്രതികരിച്ചു. ശശി തരൂർ നയിക്കുന്ന സംഘം ഇന്ന് യുഎസിലേക്ക് തിരിക്കും.
ലോകത്തിന് മുന്നിൽ പാക് ഭീകരത തുറന്ന് കാട്ടാനും ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും നയതന്ത്ര തലത്തിൽ ഇന്ത്യ അയച്ച എംപിമാരുടെ പ്രതിനിധികളുടെ മൂന്ന് സംഘങ്ങളാണ് യാത്ര തിരിച്ചത്. എൻസിപി ശരദ് പവാർ ഘടകത്തിന്‍റെ എംപി സുപ്രിയ സുലെ അധ്യക്ഷയായ സംഘമാണ് ഇന്ന് പുറപ്പെടുക. മുൻ വിദേശകാര്യമന്ത്രിയായ വി മുരളീധരനും ഈ സംഘത്തിലുണ്ട്. ദക്ഷിണാഫ്രിക്ക, ഖത്തർ, ഈജിപ്ത്, എത്യോപിയ എന്നീ രാജ്യങ്ങളിലാണ് ഈ സംഘം സന്ദർശനം നടത്തുക. ഇന്നലെ പുറപ്പെട്ട ബിജെപി എംപി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ബഹറിനിലെത്തും. ശിവസേന എംപി ശ്രീകാന്ത് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ യുഎഇ പര്യടനം പൂർത്തിയായിട്ടുണ്ട്. ഡിഎംകെ എംപി കനിമൊഴിയുടെ നേതൃത്വത്തിലുള്ള സംഘം റഷ്യൻ പര്യടനം ഇന്ന് പൂർത്തിയാക്കും.
0 Comments