തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്ദൻകോട് കൂട്ടക്കൊലപാതകക്കേസിൽ പ്രതി കേദലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രതി 15 ലക്ഷം രൂപ പിഴയും നൽകണം. പിഴത്തുക അമ്മാവൻ ജോസിന് നൽകണം. ഓരോ കൊലപാതകത്തിനും മൂന്ന് ലക്ഷം രൂപയാണ് പിഴ വിധിച്ചത്. തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വീട് തീവെച്ച് നശിപ്പിച്ചതിന് ഏഴ് വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി 6 ജഡ്ജി വി വിഷ്ണുവാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞദിവസം കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നിവ പ്രതിയായ കേദൽ ജിൻസൺ രാജ ചെയ്തതായി കോടതിക്ക് ബോധ്യപ്പെട്ടു. കേസിൽ 65 ദിവസം നീണ്ട വിചാരണയിൽ 41 സാക്ഷികളെയാണ് വിസ്തരിച്ചത്. 120ലധികം രേഖകളും നാൽപതിലധികം തൊണ്ടിമുതലും അന്വേഷണത്തിൽ നിർണായകമായി. ഇതടക്കമുള്ള കാര്യങ്ങൾ പഴുതടച്ചാണ് പ്രോസിക്യൂഷൻ കോടതിയിൽ അവതരിപ്പിച്ചത്. പ്രതിയുടെ മനോനില പരിശോധിച്ച് കടുത്ത ശിക്ഷ ഒഴിവാക്കണം എന്നത് അടക്കമുള്ള കാര്യങ്ങൾ പ്രതിഭാഗം ഉന്നയിച്ചു.
എന്നാൽ പ്രതിഭാഗത്തിന്‍റെ വാദങ്ങൾ കോടതി മുഖവിലക്കെടുത്തില്ല. കൊലപാതകത്തന് മുമ്പും ശേഷവും പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് പൊലീസ് കോടതിയെ ബോധ്യപ്പെടുത്തി. കൊലപാതകത്തിന് കാരണം മാതാപിതാക്കളോടുള്ള വൈരാഗ്യമാണ്. ഇത് സാധൂകരിക്കുന്ന തെളിവടക്കം പ്രോസിക്യൂഷൻ കോടതിയിൽ എത്തിച്ചു. പൊലീസിന്‍റെ അന്വേഷണ മികവാണ് കേസിൽ നിർണായകമായതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ദിലീപ് സത്യൻ പറഞ്ഞു. വെല്ലുവിളികൾ നിറഞ്ഞതായിരുന്നു അന്വേഷണമെന്നും പ്രതി വധശിക്ഷയിൽ കുറഞ്ഞൊന്നും അർഹിക്കുന്നില്ല എന്നും അന്വേഷണ ഉദ്യോഗസ്ഥൻ അസിസ്റ്റന്റ് കമ്മീഷണർ ഡിനിൽ ജെ കെ പറഞ്ഞു. വിധിപ്രസ്താവം കേൾക്കാൻ പ്രതിയെയും കോടതിയിൽ എത്തിച്ചിരുന്നു. സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും കേസന്വേഷണത്തിൽ നിർണായകമായിരുന്നു.
2017 ഏപ്രിൽ അഞ്ച്- ആറ് തീയതികളിലായിരുന്നു നാടിനെ നടുക്കിയ ക്രൂര കൊലപാതകങ്ങൾ നടന്നത്. കേദൽ ജിൻസൺ രാജ അച്ഛൻ രാജാ തങ്കത്തെയും, അമ്മ ഡോക്ടർ ജീൻ പത്മയെയും സഹോദരി കരോലിനെയും ബന്ധു ലളിതയെയും കൊലപ്പെടുത്തി. കഴുത്തിന് പുറകിൽ മഴുകൊണ്ട് വെട്ടിയായിരുന്നു കൊലപാതകം. പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ മാനസിക പ്രശ്നമുണ്ടെന്ന് പറഞ്ഞ് ഏഴ് വർഷത്തോളം വിചാരണ പ്രതി നീട്ടിക്കൊണ്ടുപോയി. മാനസികാരോഗ്യ വിദഗ്ധന്‍റെ പരിശോധനാ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷമാണ് വിചാരണ ആരംഭിച്ചത്.
0 Comments