നിലമ്പൂരിൽ ഒറ്റപ്പേരിലേക്ക് കോൺഗ്രസ്; ആര്യാടൻ ഷൗക്കത്തിന് മുൻഗണന




 മലപ്പുറം: ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയാവുമെന്ന് സൂചന. ഹൈക്കമാൻഡിന് ഒറ്റപ്പേര് കൈമാറാനാണ് കോൺഗ്രസ് തീരുമാനം. ഒറ്റപ്പേര് നൽകിയാൽ അംഗീകരിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. നാളെ എഐസിസിക്ക് പേര് സമർപ്പിക്കും. നാളെ രാവിലെ എറണാകുളത്താണ് യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം.

വി.എസ് ജോയ്, ആര്യാടൻ ഷൗക്കത്ത് എന്നിവരുടെ പേരാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിൽ ഉണ്ടായിരുന്നത്. ഒടുവിൽ സാമുദായിക സമവാക്യം അടക്കം പരിഗണിച്ചാണ് ആര്യാടൻ ഷൗക്കത്തിലേക്ക് എത്തിയത്. പുതിയ കെപിസിസി പ്രസിഡന്റ് ക്രിസ്ത്യൻ സമുദായക്കാരനാണ്. എം.എം ഹസനെ മാറ്റിയാണ് അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനറാക്കിയത്. ഈ സാഹചര്യത്തിൽ നടക്കുന്ന ഒരു ഉപതെരഞ്ഞെടുപ്പിൽ സാമുദായിക സമവാക്യം ഷൗക്കത്തിന് അനുകൂലമാവുകയായിരുന്നു.

ആദ്യം തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ മുൻകൈ നേടിയെടുക്കുക എന്നതാണ് യുഡിഎഫ് ലക്ഷ്യം. ഉച്ചയോടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ ഉച്ചക്ക് ശേഷം വലിയ പ്രകടനത്തിലൂടെ സ്ഥാനാർഥിയെ അവതരിപ്പിക്കാനാണ് നീക്കം. യുഡിഎഫ് സ്ഥാനാർഥി ആരാണ് എന്നത് പരിഗണിച്ചാവും എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാവുക എന്നാണ് സൂചന

Post a Comment

0 Comments