'പകരത്തിന് പകരം കഴിഞ്ഞു, ഇനി നിർത്തണം': ഇന്ത്യയോടും പാകിസ്ഥാനോടും ട്രംപ്

 



വാഷിങ്ടണ്‍: പകരത്തിന് പകരം കഴിഞ്ഞെന്നും ഇനി ഇന്ത്യയും പാകിസ്ഥാനും സംഘർഷം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളുമായും തനിക്ക് നല്ല ബന്ധമാണ്. ഇരു രാജ്യങ്ങളെയും നല്ലതുപോലെ അറിയാം. പ്രശ്നം പരിഹരിക്കണമെന്നും എന്ത് സഹായത്തിനും തയ്യാറാണെന്നും യുഎസ് പ്രസിഡന്‍റ് വ്യക്തമാക്കി.

ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനിലെ ഒൻപത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തതിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം. ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചതാണെന്ന് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. നിലവിലെ സംഘർഷ സാഹചര്യം നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.

അതിനിടെ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് പൗരന്മാർക്ക് യുഎസ് വിലക്ക് ഏർപ്പെടുത്തി. ഇന്ത്യ– പാക് അതിർത്തി, നിയന്ത്രണ രേഖ, ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റെ പൗരന്മാർക്ക് യാത്ര വിലക്കി നിർദേശം നൽകിയത്.

അമേരിക്കൻ പൗരന്മാർ പാകിസ്ഥാനിലേക്ക് നടത്താനിരിക്കുന്ന യാത്ര പുനപരിശോധിക്കണം. പാകിസ്ഥാനിൽ ഭീകരവാദികൾ ആക്രമണം നടത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ എന്നീ പ്രവിശ്യകളിൽ സ്ഥിരമായി ഭീകരാക്രമണം നടക്കുന്നുണ്ട്. ഇതുവരെ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. വിനോദസഞ്ചാര കേന്ദ്രങ്ങൾ, സർവകലാശാലകൾ, ഷോപ്പിങ് മാളുകൾ, വിമാനത്താവളങ്ങൾ, ആശുപത്രികൾ എന്നിവയടക്കം ഭീകരർ ലക്ഷ്യമിടാൻ സാധ്യതയുണ്ട്. അതിനാൽ പാകിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണം എന്നാണ് അമേരിക്കയുടെ മുന്നറിയിപ്പിൽ പറയുന്നത്.

Post a Comment

0 Comments