ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ജയ് ഹിന്ദ് റാലിയുമായി കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തിനുശേഷം നേതാക്കളായ ജയറാം രമേശ്, പവന്‍ ഖേര എന്നിവരാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്. ഇന്നലെ രണ്ട് മണിക്കൂര്‍ യോഗം ചേര്‍ന്നുവെന്നും ഏപ്രില്‍ 22 മുതല്‍ കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ പിന്തുണ അറിയിച്ചിരുന്നുവെന്നും അതുവഴി ഒറ്റകെട്ടാണ് എന്ന സന്ദേശം നല്‍കിയെന്നും ജയറാം രമേശ് പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തിലടക്കം രണ്ട് സര്‍വകക്ഷി യോഗം വിളിക്കണമെന്നാവശ്യപ്പെട്ടു. പ്രധാനമന്ത്രി വരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, രണ്ടിലും മോദി വന്നില്ല. എങ്ങനെയാണ് ട്രംപ് ആദ്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്നകാര്യത്തിലടക്കം പ്രധാനമന്ത്രി മറുപടി നല്‍കുന്നില്ല. പ്രധാനമന്ത്രിയും വിദേശമന്ത്രിയും എന്തുകൊണ്ട് രാജ്യത്തെ വിശ്വാസത്തില്‍ എടുക്കുന്നില്ല? പാര്‍ലമെന്റിനെ വിശ്വാസത്തില്‍ എടുക്കുന്നില്ല? പ്രധാനമന്ത്രി എന്താണ് ഇക്കാര്യത്തില്‍ നിശബ്ദനായിരിക്കുന്നത്?
പ്രധാനമന്ത്രി എന്‍ഡിഎയുടെ മുഖ്യമന്ത്രിമാരുടെ യോഗം മാത്രം വിളിക്കുകയാണ്. ബാക്കി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്ത് കുറ്റമാണ് ചെയ്തത്? വിദേശകാര്യ മന്ത്രി വിഷയത്തില്‍ ഒരു അക്ഷരം മിണ്ടുന്നില്ല. ഈ രാജ്യത്ത് തീരുമാനം എടുക്കുന്നത് ആരാണ്. എല്ലായിടത്തും ട്രംപ് തന്റെ നിലപാട് ആവര്‍ത്തിക്കുകയാണ്. എന്തിനാണ് സര്‍ക്കാര്‍ മൗനം പാലിക്കുന്നത്. പ്രധാനമന്ത്രിയും മൗനത്തിലാണ്. ചരിത്രത്തില്‍ ഇതുവരെ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും ജയറാം രമേശും പവന്‍ ഖേരയും പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് രാജ്യ വ്യാപകമായി ജയ് ഹിന്ദ് റാലി നടത്തും. പ്രധാനപ്പെട്ട നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. ഓപ്പറേഷന്‍ സിന്ദൂര്‍ ഒരു പാര്‍ട്ടിക്ക് മാത്രം അവകാശപെട്ടത് അല്ല.ഇത് എല്ലാവര്‍ക്കുമുള്ളതാണ്. രാജ്യത്തെ എല്ലാവര്‍ക്കുമുള്ളതാണ്. ജയ് ഹിന്ദ് സഭകളില്‍ പ്രധാനമന്ത്രിയോട് ചോദ്യം ഉയര്‍ത്തും. എന്തിനാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നത് എന്ന് ചോദിക്കും.കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ ബിജെപി മന്ത്രിക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ലെന്നും ജയറാം രമേശ് പറഞ്ഞു.
0 Comments