അവന്തിപോരയിൽ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്‌ഷെ ഭീകരരെ വധിച്ചു


 ശ്രീനഗര്‍: ജമ്മു കശ്മീരിലെ അവന്തിപോരയിൽ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ കൂടി വധിച്ച്‌ സുരക്ഷാ സേന. ജയ്‌ഷെ മുഹമ്മദ്‌ ഭീകരവാദികളാണ് കൊല്ലപ്പെട്ടവരെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ 48 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ തവണയാണ് ഭീകരരെ വധിക്കുന്നത്.

അവന്തിപോരയിലെ നാദേര്‍, ത്രാല്‍ വില്ലേജുകളിലായി നടന്ന ഏറ്റമുട്ടലിലാണ് മൂന്ന് ഭീകരവാദികളെ സുരക്ഷാ സേന വധിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരവാദികളുമായി ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരവാദികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

കഴിഞ്ഞ ചൊവ്വാഴ്ച ഷോപ്പിയാനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കര്‍ ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഇവരില്‍ നിന്ന് ആയുധങ്ങളും പണവും അടക്കം പിടികൂടിയിരുന്നു. ഇതിന് ശേഷം കൂടുതല്‍ ഭീകരവാദികളുണ്ടാകാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഏജന്‍സികള്‍ ജാഗ്രതയിലായിരുന്നു. ഇതിനിടയിലാണ് ത്രാലില്‍ ഭീകരവാദികളെത്തിയിട്ടുണ്ട് എന്ന വിവരം ലഭിക്കുന്നത്.

Post a Comment

0 Comments