മുംബൈ: ഇന്ത്യ-പാകിസ്താൻ സംഘർഷത്തെ തുടർന്ന് ഒരാഴ്ചത്തേക്ക് നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ മൂന്ന് വേദികളിലായി പൂർത്തിയാക്കാൻ ബിസിസിഐ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. ദക്ഷിണേന്ത്യയിലെ സ്‌റ്റേഡിയങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്. ബെംഗളൂരു ചിന്നസ്വാമി, ചെന്നൈ ചെപ്പോക്ക്, ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയം എന്നിവയാണ് ഐപിഎൽ അവശേഷിക്കുന്ന മത്സരങ്ങൾക്കായി പരിഗണനയിലുള്ളത്. സംഘർഷത്തിന് അയവുവന്നാൽ അവശേഷിക്കുന്ന 16 മത്സരങ്ങളും പ്ലേഓഫും ഫൈനലും ഈ സ്റ്റേഡിയത്തിലായി നടക്കും. മെയ് 25ന് കൊൽക്കത്തയിൽ തീരുമാനിച്ച ഫൈനൽ മാറ്റുമെന്നും ഉറപ്പായി. സംഘർഷ സാധ്യത കണക്കിലെടുത്ത് ഈഡൻ ഗാർഡൻസിൽ നിന്ന് ഇനി മത്സരങ്ങൾ നടത്തേണ്ടെന്നാണ് തീരുമാനം.
അതേസമയം, ഇന്ത്യ-പാക് വെടിനിർത്തൽ തീരുമാനിച്ച സാഹചര്യത്തിൽ മത്സരങ്ങൾ പുനരാരംഭിക്കുന്നത് വേഗത്തിലാകുമെന്നും റിപ്പോർട്ടുണ്ട്. ടൂർണമെന്റ് സെപ്തംബറിലേക്ക് മാറ്റാനുള്ള തീരുമാനത്തോട് ബിസിസിഐക്ക് യോചിപ്പില്ല. വിദേശതാരങ്ങളടക്കം ഈ സമയങ്ങളിൽ ലഭ്യമായേക്കില്ലെന്നതും പരിഗണിച്ചാണ് മത്സരം ഈമാസം തന്നെ പൂർത്തിയാക്കാനുള്ള തീരുമാനമെടുത്തത്. ഐപിഎല്ലിലെ ബാക്കി മത്സരങ്ങൾ നടത്താൻ ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങൾ സന്നദ്ധത അറിയിച്ചെങ്കിലും മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്താനാണ് ബിസിസിഐ തീരുമാനം.
0 Comments