ചണ്ഡീഗഢ്: പാകിസ്ഥാന് നിർണായക വിവരങ്ങൾ ചോർത്തി നൽകി എന്ന സംശയത്തിന് പിന്നാലെ ഹരിയാനയിൽ വിദ്യാർഥിയെ അറസ്റ്റ് ചെയ്തു. പാട്യാലയിലെ ഖൽസ കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി ദേവേന്ദ്ര സിങ് ധില്ലനാണ് പിടിയിലായത്. തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്ഥാന് കൈമാറിയതുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫേസ്ബുക്ക് അക്കൗണ്ടിൽ പിസ്റ്റളുകളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തതിനെ തുടർന്ന് മെയ് 12-നാണ് ദേവേന്ദ്രയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം നവംബറിൽ കർത്താർപുർ ഇടനാഴി വഴി ഇയാൾ പാകിസ്ഥാനിലേക്ക് പോയതായും തന്ത്രപ്രധാന വിവരങ്ങൾ പാകിസ്ഥാനിലെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐ.എസ്.ഐ) ഏജൻസിയിലെ ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തതായി ചോദ്യം ചെയ്യലിൽ വ്യക്തമായതായാണ് വിവരം. ഒന്നാം വർഷ മാസ്റ്റേഴ്സ് വിദ്യാർഥിയായ ഇയാൾ പട്യാലയിലെ സൈനിക കന്റോൺമെന്റിന്റെ ചിത്രങ്ങളും പാകിസ്ഥാനിലെ ഉദ്യോഗസ്ഥരുമായി പങ്കുവെച്ചിരുന്നു. ദേവേന്ദ്രയുടെ ഫോൺ പിടിച്ചെടുക്കുകയും ഫോറൻസിക് പരിശോധനയ്ക്കായി അയക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ, പാകിസ്ഥാൻ ഉദ്യോഗസ്ഥരുമായുള്ള പണമിടപാട് വ്യക്തമാക്കാൻ ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. പാകിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകിയതിന് പാനിപത്തിൽ നിന്നുള്ള ഒരു യുവാവിനെയും ദിവസങ്ങൾക്ക് മുൻപ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുപി സ്വദേശിയായിരുന്ന ഇയാളുടെ ബന്ധുവിന്റെയും, കമ്പനിയിലെ കാർ ഡ്രൈവറുടെയും അക്കൗണ്ടിലേക്കായിരുന്നു പാകിസ്ഥാൻ പണം അയച്ചിരുന്നത്
0 Comments