കേരളത്തിലേക്കുള്ള അര്‍ജന്റീനിയന്‍ ടീമിന്റെ പിന്മാറ്റം; വിശദീകരണം തേടി കായിക വകുപ്പ്


കേരളത്തില്‍ എത്തുമെന്ന് പറഞ്ഞ അര്‍ജന്റീനിയന്‍ ടീം പിന്മാറിയതില്‍ കായിക വകുപ്പ് വിശദീകരണം തേടി. സ്‌പോണ്‍സര്‍മാരോട് ആണ് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുള്ളത്. മെസിയുടേയും സംഘത്തിന്റേയും വരവ് അനിശ്ചിതത്തില്‍ ആക്കിയത് സ്‌പോണ്‍സര്‍മാര്‍ ആണെന്നാണ് കായിക വകുപ്പിന്റെ കണ്ടെത്തല്‍. ജനുവരിയില്‍ പണം നല്‍കാം എന്നായിരുന്നു സ്‌പോണ്‍സര്‍മാരുടെ വാഗ്ദാനം. നിശ്ചിത സമയത്തും സ്‌പോണ്‍സര്‍മാര്‍ തുക നല്‍കിയില്ലെന്ന് കായിക വകുപ്പ് പറയുന്നു. വിശദീകരണം തേടി കായിക വകുപ്പ് സ്‌പോണ്‍സര്‍മാര്‍ക്ക് കത്തയക്കാൻ ഒരുങ്ങുകയാണ്.

അതേസമയം മെസിയും സംഘവും കേരളത്തിലേക്കില്ലെന്ന് ഇന്നലെയാണ് കായിക മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിക്കുന്നത്. 300 കോടിയിലധികം രൂപയാണ് മെസിയുടേയും സംഘത്തിന്റെയും വരവിന് സര്‍ക്കാര്‍ കണക്കാക്കിയ ചെലവ്. ഇതില്‍ 200 കോടി അര്‍ജന്റീന ടീമിന് കൊടുക്കാനുള്ള തുക മാത്രമാണ്. എന്നാല്‍ ഈ തുക കണ്ടെത്താന്‍ സര്‍ക്കാരിന് സാധിച്ചില്ല. മുന്നോട്ട് വന്ന മൂന്ന് സ്‌പോണ്‍സര്‍മാരും തുക നല്‍കാന്‍ തയ്യാറായില്ല.

അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കാന്‍ എത്തുമെന്ന് പറഞ്ഞിരുന്ന ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ടീം മറ്റ് രാജ്യങ്ങളില്‍ പര്യടനത്തിലായിരിക്കും എന്നാണ് വരുന്ന റിപ്പോർട്ട്. ഒക്ടോബറില്‍ ചൈനയില്‍ രണ്ടു മത്സരങ്ങള്‍ കളിക്കുന്ന ടീം നവംബറില്‍ ആഫ്രിക്കയിലും ഖത്തറിലുമായിരിക്കും കളിക്കുമെന്ന് അര്‍ജന്റീന മാധ്യമങ്ങള്‍ പറയുന്നു.

Post a Comment

0 Comments