തിരുവനന്തപുരം: നടക്കാൻ പോകുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഉറച്ച ആത്മവിശ്വാസമാണ് ഉള്ളതെന്ന് സിപിഎം സ്ഥാനാർഥി എം സ്വരാജ്. ഏതെങ്കിലും വ്യക്തിയോടല്ല, ഇടതുപക്ഷ വിരുദ്ധ ശക്തികൾക്കെതിരെയാണ് പോരാട്ടമെന്നും എം സ്വരാജ് പറഞ്ഞു. അൻവറിൽ ജനങ്ങൾ വിശ്വാസം അർപ്പിച്ചിരുന്നു, എന്നാൽ അദ്ദേഹം അത് കാത്തുസൂക്ഷിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൻവറിനെ കുഴിയിൽ ചാടിച്ചത് കോൺഗ്രസാണെന്നും സ്വരാജ് പറഞ്ഞു. കേരളം അഭിവൃദ്ധിപ്പെടണം എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. വ്യക്തികൾ എന്ന നിലയിൽ ആരോടും ശത്രുതയില്ല. കേരളത്തിൽ ആർക്കും മത്സരിക്കാം. മറ്റ് സ്ഥാനാർഥികളെ നോക്കുന്നതല്ല എൽഡിഎഫിന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ സ്ഥാനാർഥി നിർണയം വൈകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടന നടപടി പൂർത്തിയാക്കി 30 ന് പ്രഖ്യാപിക്കും എന്ന് തന്നെയാണ് പറഞ്ഞിരുന്നത്.
വെല്ലുവിളികൾക്ക് രാഷ്ട്രീയത്തിൽ പ്രസക്തിയില്ല. എതിർ പാർട്ടികൾ തന്നോട് മത്സരിക്കാൻ പറയുകയാണ്. അവരുടെ അഭിപ്രായം കൂടി മാനിച്ച് മത്സരിക്കുന്നു. അപ്പോൾ അവരുടെ കൂടി പിന്തുണ ഉണ്ടാകും. നിലമ്പൂരിലെ ജനങ്ങൾ ഇടതിനൊപ്പം ഉണ്ടാകും. രാജ്യത്തെ വർഗീയ ധ്രൂവീകരണത്തിന് ശ്രമിക്കുന്ന ശക്തികൾക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിക്കുന്ന നിലപാട് എല്ലാ മതനിരപേക്ഷവാദികൾക്കും പ്രതീക്ഷ നൽകുന്നതാണ്. ഈ തിരഞ്ഞെടുപ്പിൽ ഇതെല്ലാം ചർച്ചയാകും. ഈ തിരഞ്ഞെടുപ്പ് കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ തുടർഭരണത്തിനുള്ള തുടക്കമായി മാറുമെന്നും സ്വരാജ് കൂട്ടിചേർത്തു.
0 Comments