'പാകിസ്ഥാന്‍ ഇനിയും വന്നാല്‍ ഒറ്റക്കെട്ടായി തിരിച്ചടിക്കണം' ഇന്ത്യന്‍ സേനയെ അഭിവാദ്യം ചെയ്ത് വിഡി സതീശൻ

 



തിരുവനന്തപുരം: പെഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തെ അഭിവാദ്യം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജ്യത്തിന്റെ പരമാധികാരത്തിനും ജനങ്ങളുടെ സുരക്ഷിതത്വത്തിനും നേരെയാണ് പാകിസ്ഥാന്‍ വെല്ലുവിളി ഉയര്‍ത്തിയത്. ഭീകരവാദികളെ സ്‌പോണ്‍സര്‍ ചെയ്ത പാകിസ്ഥാനെതിരെ അതിശക്തമായ നടപടിയാണ് ഇന്ത്യന്‍ സൈന്യം സ്വീകരിച്ചത്. രാജ്യസ്‌നേഹമുള്ള എല്ലാവരും ഇന്ത്യ സേനയ്‌ക്കൊപ്പം നില്‍ക്കും. 

രാജ്യത്തെ ഛിന്നഭിന്നമാക്കാനുള്ള ശ്രമങ്ങളുമായി പാകിസ്ഥാന്‍ ഇനിയും വന്നാല്‍ ഒറ്റക്കെട്ടായി രാജ്യം തിരിച്ചടിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥന. അതുകൊണ്ടു തന്നെ ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയെ അഭിനന്ദിക്കുന്നു. പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ പതിനഞ്ചാം നാളാണ് ഇന്ത്യ ചുട്ട മറുപടി നല്‍കിയിരിക്കുന്നത്. പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള 9 ഭീകരകേന്ദ്രങ്ങള്‍ ഇന്ന് പുലര്‍ച്ചെ തരിപ്പിണമാക്കിയാണ് ഇന്ത്യന്‍ സംയുക്ത സേനാ വിഭാഗങ്ങളുടെ മറുപടി. 

പാകിസ്ഥാന്‍റെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ വേരോടെ പിഴുതെറിയാനുള്ള ഇന്ത്യന്‍ ശ്രമം ജയ്ഷെ, ലഷ്കർ, ഹിസ്‌ബുള്‍ താവളങ്ങളെ ചുട്ടെരിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടി നല്‍കിയുള്ള ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന്‍ അമ്പാടെ ഞെട്ടിവിറച്ചു. ഇന്ത്യയുടെ കനത്ത പ്രത്യാക്രമണത്തില്‍ കത്തിച്ചാമ്പലായത് 9 പാക് ഭീകരകേന്ദ്രങ്ങളാണ്.

Post a Comment

0 Comments