ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ നിരോധിച്ച് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ. ഭീകരവിരുദ്ധ നിയമപ്രകാരമാണ് അവാമി ലീഗിനെ നിരോധിച്ചത്. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാമി ലീഗിനെ നിരോധിച്ചതെന്നാണ് അറിയിപ്പ്
ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിൽ (ഐസിടി) അവാമി ലീഗിന്റെ വിചാരണ പൂർത്തിയാകുന്നതുവരെ നിരോധനം തുടരുമെന്ന് സ്ഥിരീകരിച്ചു.നിരോധനം സംബന്ധിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം അടുത്ത പ്രവൃത്തി ദിവസം പുറപ്പെടുവിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
മുഹമ്മദ് യൂനസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, രാഷ്ട്രീയ പാർട്ടികളെയും അവയുടെ മുന്നണി സംഘടനകളെയും അനുബന്ധ സ്ഥാപനങ്ങളെയും പ്രോസിക്യൂട്ട് ചെയ്യാൻ ട്രൈബ്യൂണലിന് അധികാരം നൽകുന്ന ഐസിടി നിയമത്തിൽ ഭേദഗതികൾ വരുത്തി. 1949-ൽ ആരംഭിച്ച അവാമി ലീഗ്, കിഴക്കൻ പാകിസ്ഥാനിൽ സ്വയംഭരണത്തിനായി പോരാടിയതും 1971ലെ വിമോചന യുദ്ധത്തിൽ ബംഗ്ലാദേശിന് നേതൃത്വം നൽകിയതുമായ പ്രധാന രാഷ്ട്രീയ പാർട്ടിയാണ്.
0 Comments