കൊച്ചി: എറണാകുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നു വയസ്സുകാരി കല്യാണിയുടെ മൃതദേഹം സംസ്‌കരിച്ചു. തിരുവാണിയൂരിലെ പൊതു ശ്മശാനത്തിലായിരുന്നു സംസ്‌കാരം. ആയിരങ്ങളാണ് തിരുവാങ്കുളത്തെ അച്ഛന്റെ വീട്ടിൽ കല്യാണിക്ക് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നത്. ബസ് യാത്രക്കിടെ കൂടെയുണ്ടായിരുന്ന കുട്ടിയെ കാണാനില്ലെന്നായിരുന്നു അമ്മ ആദ്യം നൽകിയ മൊഴി. പിന്നീട് പൊലീസ് നടത്തിയ അന്വഷണത്തിന്റേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ പുഴയിലെറിഞ്ഞതായി അമ്മ മൊഴി നൽകി. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ പുലർച്ചെ രണ്ട് മണിയോടെ മൂഴിക്കുളം പാലത്തിന്റെ അടിയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷവും സന്ധ്യക്ക് കൂസലൊന്നുമില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. വീട്ടിലെത്തി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതായും ഭാവവ്യത്യാസമൊന്നുമില്ലാതെ കൊല നടത്തിയതായി സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.
സന്ധ്യക്കെതിരെ കൊലപാതക കുറ്റം മാത്രമാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. പ്രതി കുറ്റം സമ്മതിച്ചതായും ഇന്ന് വൈദ്യ പരിശോധനക്ക് ഹാജരാക്കുമെന്നും റൂറൽ എസ്പി ഹേമലത വ്യക്തമാക്കി. ആവശ്യമെങ്കിൽ വിദഗ്ധ പരിശോധനയും നടത്തും. ടോർച്ചെടുത്ത് തലക്കടിച്ചും, ഐസ്‌ക്രീമിൽ വിഷം ചേർത്തും സന്ധ്യ നേരത്തെയും മകളെ കൊല്ലാൻ ശ്രമിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. ചെങ്ങമനാട് പൊലീസിന്റെ കസ്റ്റഡിയിലാണ് സന്ധ്യയിപ്പോൾ. സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി
0 Comments