വിദ്യാർത്ഥി വിസയിൽ കടുത്ത നടപടിയുമായാണ് ഡോണൾഡ് ട്രംപ് ഭരണകൂടം മുന്നോട്ട് പോകുന്നത്. അന്താരാഷ്ട്ര വിദ്യാർത്ഥി വിസകൾക്കായി ഇനി പുതിയ അഭിമുഖങ്ങൾ നടത്തേണ്ടെന്നാണ് ലോകമെമ്പാടുമുള്ള അമേരിക്കൻ എംബസികളോട് പറഞ്ഞിട്ടുള്ളത് എന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. എല്ലാ വിദേശ വിദ്യാർത്ഥികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരീക്ഷിക്കുന്ന പ്രവർത്തനം (സോഷ്യൽ മീഡിയ വെറ്റിങ്) വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിതെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
”കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതുവരെ കോൺസുലാർ വിഭാഗങ്ങൾ അധിക വിദ്യാർത്ഥി അല്ലെങ്കിൽ എക്സ്ചേഞ്ച് വിസിറ്റർ (എഫ്, എം, ജെ) വിസ അപ്പോയിന്റ്മെന്റ് ശേഷി ചേർക്കരുത്, ഈ നിർദ്ദേശം സ്റ്റുഡന്റ്, എക്സ്ചേഞ്ച് വിസകൾക്ക് ബാധകമാണ്” എന്നാണ് മെയ് 28 ന് അയച്ച ഒരു സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സന്ദേശത്തിൽ പറയുന്നത്. ഈ താൽക്കാലിക വിരാമം വിസ പ്രോസസ്സിംഗിൽ നീണ്ട കാലതാമസത്തിന് കാരണമായേക്കാം, മാത്രമല്ല വരുമാനത്തിനായി അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആശ്രയിക്കുന്ന സർവകലാശാലകളെയും ഇത് ബാധിച്ചേക്കാം.
അമേരിക്കയിലെ പ്രമുഖ സർവ്വകലാശാലകളോടും, അന്തരാഷ്ട്ര വിദ്യാർത്ഥികളോടുമുള്ള ട്രംപിന്റെ മല്ലയുദ്ധത്തിന്റെ ബാക്കി പത്രമാണിത്. കഴിഞ്ഞ വർഷം മാത്രം പത്ത് ലക്ഷത്തിലധികം അന്താരാഷ്ട്ര വിദ്യാർത്ഥികൾ അമേരിക്കയിൽ പഠിക്കുന്നുണ്ടെന്നും, അവർ അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏകദേശം 43.8 ബില്യൺ ഡോളർ സംഭാവന നൽകിയതായും നാഫ്‌സ അസോസിയേഷൻ വെളിപ്പെടുത്തിയിരുന്നു.
സ്റ്റുഡന്റ് വിസകൾക്കുള്ള നിയമങ്ങൾ കർശനമാക്കാൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നതിനിടെയാണ് പുതിയ നയം വരുന്നത്. എല്ലാ സ്റ്റുഡന്റ് വിസ അപേക്ഷകർക്കും സോഷ്യൽ മീഡിയ പരിശോധന വിപുലീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സർക്കാർ പറയുന്നു. ദേശീയ സുരക്ഷാ ഭീഷണിയായി ഭരണകൂടം കാണുന്ന ഏതെങ്കിലും ലക്ഷണങ്ങൾ ഉള്ളടക്കത്തിലുണ്ടോ എന്ന് പരിശോധിക്കാൻ കോൺസുലർ ഉദ്യോഗസ്ഥർ ഇൻസ്റ്റാഗ്രാം, ടിക് ടോക്ക്, എക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ പോസ്റ്റുകൾ, ലൈക്കുകൾ, കമന്റുകൾ, ഷെയറുകൾ എന്നിവ പരിശോധിക്കാനാണ് ലക്ഷ്യമിടുന്നത്. തനിക്കും തന്റെ സർക്കാരിനും എതിരെ ഉയരുന്ന സ്വരങ്ങളെ നിശബ്ദമാകുക എന്ന ട്രംപിന്റെ ഒറ്റ ലക്ഷ്യം മാത്രമാണ് ഇതിനു പിന്നിലെന്ന് കാണാം.
വിസകൾ എങ്ങനെയാണ് പരിശോധിക്കുന്നതെന്നും പ്രോസസ്സ് ചെയ്യുന്നതെന്നും അവലോകനം ചെയ്യുന്നതിന്റെ ഭാഗമാണ് പുതിയ നിയമം എന്നാണ് ഭരണകൂടം പറയുന്നത്. മാർച്ച് മുതൽ, പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ സോഷ്യൽ മീഡിയ കോൺസുലാർ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്, പിന്നീട് പോസ്റ്റുകൾ പിൻവലിച്ചാലും , അത്തരം പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ അവർ എടുക്കുന്നുണ്ട്.
ആക്ടിവിസത്തിന് പേരുകേട്ടവർക്ക് മാത്രമല്ല, എല്ലാ വിദ്യാർത്ഥി വിസ അപേക്ഷകർക്കും ഈ വിപുലീകരണം ബാധകമാകും. ചില സർവകലാശാലകൾ തീവ്ര ഇടതുപക്ഷ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായി പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ആരോപിച്ചു, കൂടാതെ അദ്ദേഹത്തിന്റെ ഭരണകൂടം പുതിയ വിസ പരിശോധനകളെ സെമിറ്റിക് വിരുദ്ധതയ്‌ക്കെതിരെ പോരാടാനുള്ള ശ്രമങ്ങളുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
ആയിരക്കണക്കിന് വിദ്യാർത്ഥി വിസകൾ ഇതിനകം റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെയാണ് വിസ അഭിമുഖങ്ങൾ താൽക്കാലികമായി നിർത്തിവച്ചത്, ഇത് പല വിദ്യാർത്ഥികൾക്കും അമേരിക്കയിൽ കൃത്യസമയത്ത് എത്താൻ കഴിയാത്തതിന്റെ ആശങ്ക ഉയർത്തുന്നു. ഇത് വിദ്യാർത്ഥികളെ മാത്രമല്ല, ഗവേഷണം, അദ്ധ്യാപനം, ധനസഹായം എന്നിവയെയും ബാധിക്കുമെന്ന് രാജ്യത്തുടനീളമുള്ള സർവകലാശാലകൾ മുന്നറിയിപ്പ് നൽകുന്നു.
അമേരിക്കയിൽ സ്റ്റുഡന്റ് വീസയിൽ എത്തുന്ന വിദേശ വിദ്യാർത്ഥികൾ പാലിക്കേണ്ട ചടങ്ങുകൾ സംബന്ധിച്ച് കർശന നിർദേശങ്ങളാണ് വിദേശകാര്യ വകുപ്പ് പുറത്തിറക്കിയിട്ടുള്ളത്. ഏതെങ്കിലും കാരണത്താൽ സ്റ്റുഡന്റ് സ്റ്റാറ്റസ് റദ്ദായാൽ ഉടനെ വിസ തന്നെ റദ്ദാക്കുന്നതാണ് അതിലെ പ്രധാന നിബന്ധന. ക്രിമിനൽ കേസുകളിൽ പെട്ടാലും വിരലടയാള ഡാറ്റാബേസിൽ ക്രമക്കേട് കണ്ടെത്തിയാലും വിസ റദ്ദാക്കും. പഠന കാലത്തേക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ ഉണ്ടെന്ന് ഉറപ്പാക്കണം. വിദേശ രാജ്യങ്ങളിൽ അമേരിക്കൻ സർക്കാർ അംഗീകരിച്ച വിദ്യാലയങ്ങളിൽ പഠിച്ചവരും കോൺസുലേറ്റുകൾ വഴി ഇന്റർവ്യൂ പൂർത്തിയാക്കിയവരുമാകണം.
അക്കാദമിക കാര്യങ്ങളിൽ മാത്രം ശ്രദ്ധ പതിപ്പിക്കണമെന്നും ഓഫ് കാമ്പസ് ജോലികളിലെ നിയന്ത്രണം പാലിക്കണമെന്നും പുതിയ നിർദേശത്തിൽ പറയുന്നു. ഡിഗ്രി പഠനത്തിന് ശേഷം 12 മാസം ജോലി ചെയ്യാം. ഉപരിപഠനം പൂർത്തിയാക്കിയവർക്ക് 36 മാസവും. വിദേശ വിദ്യാർഥികളുടെ വിവരങ്ങൾ സെവിസ് (SEVIS) സംവിധാനത്തിലാണ് സൂക്ഷിക്കുന്നത്. ചട്ടങ്ങൾ പാലിക്കാതിരിക്കുകയോ കോഴ്‌സ് പൂർത്തിയാക്കുകയോ മറ്റിനം വിസകളിലേക്ക് മാറുകയോ ചെയ്യുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ഈ സംവിധാനത്തിൽ നിന്ന് സ്വാഭാവികമായി അപ്രത്യക്ഷമാകും.
ഇക്കഴിഞ്ഞ മാർച്ച് മാസം വരെ 1,222 വിദ്യാർത്ഥികളുടെ വിസകൾ വിവിധ കാരണങ്ങളാൽ റദ്ദാക്കിയിട്ടുണ്ട്. സെവിസ് സംവിധാനത്തിൽ നിന്ന് 4,736 പേരുടെ വിവരങ്ങളും അപ്രത്യക്ഷമായിട്ടുണ്ട്. ചട്ടലംഘനത്തിന്റെ പേരിൽ വിസ റദ്ദാക്കപ്പെട്ടവരുടെ എണ്ണം യഥാർത്ഥത്തിൽ കൂടുതൽ വരുമെന്നാണ് സൂചനകൾ. 2023 ൽ അമേരിക്ക ഏറ്റവും കൂടുതൽ സ്റ്റുഡന്റ് വിസ നൽകിയത് ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ്.
0 Comments