ചതിക്കപ്പെട്ടതെന്ന് പൊലീസിന് ബോധ്യമായി; നീറ്റ് പരീക്ഷ വ്യാജ ഹാൾ ടിക്കറ്റ് കേസിൽ വിദ്യാർത്ഥിയെ വിട്ടയച്ചു

 



തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ വ്യാജ ഹാൾ ടിക്കറ്റുമായി ബന്ധപ്പെട്ട് പിടിയിലായ വിദ്യാർത്ഥിയെ വിട്ടയച്ചു. തിരുവനന്തപുരം പശുവയ്ക്കൽ സ്വദേശിയായ വിദ്യാർത്ഥിയെയാണ് വിട്ടയച്ചത്. തട്ടിപ്പിൽ പങ്കില്ലെന്നും ചതിക്കപ്പെട്ടതാണെന്നും വ്യക്തമായതിന് പിന്നാലെയാണ് 20കാരനായ വിദ്യാർത്ഥിയെ വിട്ടയച്ചത്. വിദ്യാർത്ഥി കുറ്റക്കാരനല്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും പൊലീസ് അറിയിച്ചു. ഇതോടെ കേസിൽ വിദ്യാർത്ഥി സാക്ഷിയാകാനാണ് സാധ്യത.

വെറ്ററിനറി ഡോക്ടർ ആകാനായിരുന്നു ആഗ്രഹമെന്നും പരീക്ഷയെഴുതുന്നത് തടഞ്ഞപ്പോൾ തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ലെന്നും പൊലീസ് വിട്ടയച്ചതിന് പിന്നാലെ വിദ്യാർത്ഥി പ്രതികരിച്ചു. അപേക്ഷിക്കാൻ അക്ഷയ സെൻറർ ജീവനക്കാരി ഗ്രീഷ്മയെ ചുമതലപ്പെടുത്തിയതാണെന്ന് വിദ്യാർഥിയുടെ അമ്മ പറഞ്ഞു. ഇങ്ങനെ ചതിയിൽ പെടുമെന്ന് പ്രതീക്ഷിച്ചില്ല. രണ്ടാം വട്ടമാണ് വിദ്യാർഥി പരീക്ഷയെഴുതിയത്. പരീക്ഷയ്ക്ക് അപേക്ഷിച്ചതിന്റെ രസീതും ഹാൾടിക്കറ്റും വാട്‌സ്ആപ്പിലാണ് ഗ്രീഷ്‌മ അയച്ചുതന്നതെന്നും വിദ്യാർത്ഥിയുടെ അമ്മ പറഞ്ഞു.

Post a Comment

0 Comments