കോഴിക്കോട്: പുതിയ സ്റ്റാൻഡിലെ തീപിടിത്തത്തിൽ ഫയർ ഫോഴ്സ് , പൊലീസ്, ഫോറൻസിക് , ഇലക്ടിക്കൽ കമ്മീഷ്ണറേറ്റ് തുടങ്ങിയവർ പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മറ്റ് ദുരൂഹതകളില്ലെന്ന് പൊലീസിൻ്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി.
അതേസമയം, കത്തിയ വസ്ത്രവ്യാപാര സ്ഥാപനത്തിൻ്റെ ഉടമകൾ തമ്മിൽ ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഇതും അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . കെട്ടിടത്തിലെ അനധികൃത നിർമ്മാണമാണ് അപകടത്തിൻ്റെ വ്യാപ്തി വർധിപ്പിച്ചതെന്ന പരാതി അന്വേഷിക്കുമെന്ന് മേയർ ബീനാ ഫിലിപ്പ് പറഞ്ഞു. കെട്ടിട നിർമ്മാണത്തിലെ പിഴവ് തൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും മേയർ പറഞ്ഞു.
കെട്ടിടത്തിൽ അനധികൃത നിർമാണം തെളിഞ്ഞാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മേയർ ബീനാ ഫിലിപ്പ് പറഞ്ഞു. എന്നാൽ നഗരഹൃദയത്തിലെ കോർപ്പറേഷൻ്റെ കെട്ടിടത്തിനെതിരെ ഉയർന്ന പരാതികൾ ശ്രദ്ധയിൽപ്പെട്ടില്ല എന്ന മേയറുടെ പ്രതികരണവും വിമർശനത്തിന് വഴിവെച്ചിട്ടുണ്ട് . പരിശോധനക്ക് ശേഷം ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ നടപടികൾ ഉണ്ടാകും.
അതേസമയം, തീപിടിത്തത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. കോഴിക്കോട് കോർപറേഷനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ ആവശ്യപ്പെട്ടു. ബീച്ച് ഫയർ സ്റ്റേഷൻ അടച്ചു പൂട്ടിയത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് മലബാർ ഡെവലപ്പ്മെന്റ് കൗൺസിൽ ചൂണ്ടിക്കാട്ടി.വീഴ്ചകൾ പരിശോധിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
0 Comments