INS വിക്രാന്തിന്റെ ലൊക്കേഷന്‍ തേടിവിളിച്ച സംഭവം; അറസ്റ്റിലായ മുജീബ് ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിക്കുന്ന അക്കൗണ്ടുകള്‍ പിന്തുടരുന്നയാള്‍

 


ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ തേടിവിളിച്ച സംഭവത്തില്‍ അറസ്റ്റിലായ മുജീബ് ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാകിസ്താന്‍ അക്കൗണ്ടുകള്‍ പിന്തുടരുന്നയാള്‍ എന്ന് പൊലീസ്. തീവ്രനിലപാടുകളുള്ള പാകിസ്താന്‍ സ്വദേശികളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പ്രതി പിന്തുടരുന്നതായും പൊലീസ് കണ്ടെത്തി. ലഹരി ഉപയോഗിച്ചാണ് മുജീബിന് മാനസിക പ്രശ്‌നം ഉണ്ടായത് എന്നും ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും എന്നും പൊലീസ് പറഞ്ഞു.

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ തേടി ദക്ഷിണ മേഖല നേവി ആസ്ഥാനത്ത് വിളിച്ച പരാതിയിലാണ് കോഴിക്കോട് സ്വദേശി മുജീബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ പ്രതി പൊലീസുമായി സഹകരിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പാസ്വേര്‍ഡുകളും പൊലീസിന് നല്‍കാന്‍ പ്രതി വിസമ്മതിച്ചു. ഇതിന് പിന്നാലെയാണ് ഇയാള്‍ പാക്കിസ്താന്‍ അനുകൂല അക്കൗണ്ടുകള്‍ പിന്തുടരുന്നതായും, ഇന്ത്യാവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന വ്യക്തികളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നയും കണ്ടെത്തിയത്.നിരന്തരമായി ലഹരി ഉപയോഗിച്ചാണ് മുജീബിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായത് എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിന് പുറത്തേക്ക് മുജീബ് നടത്തിയ യാത്രാ വിവരങ്ങളും പൊലീസ് അന്വേഷിക്കുകയാണ്. പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള തീരുമാനവും അന്വേഷണസംഘം കൈക്കൊണ്ടിട്ടുണ്ട്. മുജീബിന്റെ ഫോണ്‍ വിവരങ്ങള്‍ തേടി പൊലീസ് സൈബര്‍ വിഭാഗത്തിനും അപേക്ഷ നല്‍കിയിട്ടുണ്ട്. പൊലീസിന്റെ ചോദ്യം ചെയ്യലിനോട് മുജീബ് മനപ്പൂര്‍വമായി സഹകരിക്കാത്തത് സംശയത്തോടെയാണ് അന്വേഷണസംഘവും വീക്ഷിക്കുന്നത്.

Post a Comment

0 Comments