തിരുവനന്തപുരം: തട്ടിക്കൊണ്ടു പോകൽ കേസിൽ ജി.കൃഷ്ണകുമാറിനെതിരെ എഫ്ഐആറിൽ ഗുരുതര ആരോപണങ്ങൾ. പണം നൽകിയില്ലെങ്കിൽ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരിയുടെ വസ്ത്രത്തിൽ പിടിച്ചു വലിച്ചെന്നും എഫ്ഐആറിൽ പറയുന്നു.
കൃഷ്ണകുമാർ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും എഫ്ഐആറിലുണ്ട്. എന്നാൽ ആരോപണങ്ങൾ കൃഷ്ണകുമാർ നിഷേധിച്ചു. ലൈംഗിക ആരോപണം ഉന്നയിക്കുന്നതിന് തെളിവ് കൊണ്ടുവരട്ടെയെന്നും പണം തട്ടിയതിന് പിന്നിൽ വലിയ സംഘം ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. നാല് പെൺ മക്കളെ വളർത്തിക്കൊണ്ടുവരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ താനത് സന്തോഷത്തോടുകൂടിയാണ് നടത്തുന്നത്. തങ്ങളുടെ ഭാഗത്ത് ന്യായമാണെന്ന് കേരള പൊതുസമൂഹത്തിന് പത്രമാധ്യമങ്ങളിലൂടെ മനസ്സിലായി. ബാങ്ക് സ്റ്റേറ്റ്മെന്‍റ് എടുത്താൽ പണം ട്രാൻസാക്ഷൻ നടത്തിയതിന്റെ തെളിവുകൾ ലഭിക്കും.എഫ്ഐആർ ഇങ്ങനെ ഇടണമെങ്കിൽ പൊലീസിന് എന്തെങ്കിലും ലക്ഷ്യം ഉണ്ടായിരുന്നിരിക്കാമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
ജീവനക്കാർ കുറ്റം സമ്മതിക്കുന്ന വീഡിയോ കൃഷ്ണകുമാറിന്‍റെ ഭാര്യ സിന്ധു കൃഷ്ണകുമാർ ഇന്നലെ പുറത്തുവിട്ടിരുന്നു. സാമ്പത്തിക തട്ടിപ്പിൽ പരസ്പര ആരോപണങ്ങളായിരുന്നു നടന്നുകൊണ്ടിരുന്നത്. ഇതിനിടെയാണ് കൃഷ്ണകുമാറിന്‍റെ ഭാര്യ സിന്ധു കൃഷ്ണകുമാർ പുതിയ വീഡിയോ പുറത്തുവിട്ടത്. ദിയ കൃഷ്ണകുമാറിനും കൃഷ്ണകുമാറിനും എതിരായി ജീവനക്കാരായ മൂന്ന് സ്ത്രീകൾ കൃഷ്ണകുമാറിന്‍റെ മകളും നടിയുമായ അഹാന കൃഷ്ണകുമാറിനോട് തെറ്റ് ഏറ്റു പറയുന്നതാണ് പുതിയ ദൃശ്യങ്ങൾ.
വീഡിയോ പുറത്തുവന്നതോടെ ഇരു വിഭാഗവും നൽകിയ കേസിൽ കൂടുതൽ അന്വേഷണം ആവശ്യമായി വരും. ഇരു വിഭാഗവും പരാതി നൽകാൻ വൈകിയതിലെ കാരണവും പൊലീസ് അന്വേഷിക്കും. 69 ലക്ഷം രൂപ സ്ഥാപനത്തിലെ ക്യൂ ആർ കോഡ് മാറ്റി തൊഴിലാളികളായ മൂന്നു സ്ത്രീകൾ തട്ടിപ്പ് നടത്തി എന്നതാണ് കൃഷ്ണകുമാറിന്‍റെ മകൾ ദിയ കൃഷ്ണകുമാറിന്‍റെ പരാതി. ഈ പരാതിക്ക് ശേഷമാണ് ജീവനക്കാരായ മൂന്നു സ്ത്രീകൾ തങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തു എന്ന പരാതി നൽകിയത്. ക്യു ആർ കോഡ് മാറ്റാൻ നിർദേശം നൽകിയതും പണം കൈമാറാൻ നിർദ്ദേശിച്ചതും ദിയ കൃഷ്ണകുമാർ ആണെന്നാണ് ജീവനക്കാരായ മൂന്നു സ്ത്രീകളുടെയും ആരോപണം. എന്നാൽ ഇത് പൂർണമായും തള്ളുന്നതാണ് കൃഷ്ണകുമാറിന്‍റെ കുടുംബത്തിന്‍റെ വാദങ്ങൾ. ഇരുവിഭാഗവും നൽകിയ പരാതിയിൽ വ്യക്തത വരുത്താൻ വിശദമായ മൊഴികൾ പൊലീസിന് രേഖപ്പെടുത്തേണ്ടിവരും.

0 Comments