ചെന്നായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ രണ്ട് ആടുകള്‍ക്ക് പരിക്കേറ്റു




പുല്‍പ്പള്ളി: പുല്‍പ്പള്ളി സീതാമൗണ്ടില്‍ ചെന്നായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ രണ്ട് ആടുകള്‍ക്ക് പരിക്കേറ്റു. ചെന്നായക്കൂട്ടം ആക്രമിക്കാനായി ഓടിച്ച വിദ്യാര്‍ഥി വീടിനുള്ളില്‍ കയറി രക്ഷപെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. ഐശ്വര്യക്കവലയിലെ കുറുപ്പഞ്ചേരി ഷാജുവിന്റെ ആടുകളെയാണ് ചെന്നായക്കൂട്ടം ആക്രമിച്ചത്. സമീപത്തെ കൃഷിയിടത്തില്‍ കളിക്കുകയായിരുന്ന പുലികുത്തിയില്‍ വില്‍സന്റെ മകന്‍ ഡോണിനെ ചെന്നായക്കൂട്ടം ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഓടി വീടിനുള്ളില്‍ കയറിയതിനാല്‍ രക്ഷപ്പെട്ടു. തുടര്‍ന്നാണ് ഷാജുവിന്റെ വീടിന്റെ പുറകില്‍ കെട്ടിയിട്ടിരുന്ന ആടുകളെ ചെന്നായക്കൂട്ടം ആക്രമിച്ചത്.  നാല് വയസ്സുള്ളതും ഒരു വയസ്സ് പ്രായമുള്ളതുമായ ആടുകളെയാണ് ആക്രമിച്ചത്. സാരമായി പരിക്കേറ്റ ആടുകള്‍ക്ക് വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സ നല്‍കി. 

വിവരമറിയിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താന്‍ വൈകിയത് പ്രതിഷേധത്തിനിടയാക്കി. ആറ് മാസം മുമ്പും ഷാജുവിന്റെ ഒരാടിനെ ചെന്നായക്കൂട്ടം ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഈ പ്രദേശത്ത് ചെന്നായകളുടെ വലിയകൂട്ടമുണ്ടെന്നും അവ ആളുകള്‍ക്ക് നേരെപോലും ആക്രമണത്തിന് മുതിരാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ചെന്നായക്കൂട്ടത്തെ തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Post a Comment

0 Comments